മീഡിയവണ്‍ വാര്‍ത്ത ഫലം കണ്ടു; മലപ്പുറം ജില്ലയില്‍ വാക്‌സിനേഷൻ വേഗത്തിലാക്കാൻ ധാരണ

മന്ത്രി വി. അബ്ദുറഹ്‌മാനും ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നടത്തിയ ഓൺലൈൻ യോഗത്തിലാണ് തീരുമാനമായത്. ജില്ലയിൽ വാക്‌സിനേഷൻ ഫലപ്രദമല്ലെന്ന് മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു. വാര്‍ത്തക്ക് പിന്നാലെയാണ് നടപടി

Update: 2021-06-03 15:18 GMT
Advertising

മലപ്പുറം ജില്ലയില്‍ വാക്‌സിനേഷൻ വേഗത്തിലാക്കാൻ ധാരണയായി. മന്ത്രി വി. അബ്ദുറഹ്‌മാനും ജില്ലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നടത്തിയ ഓൺലൈൻ യോഗത്തിലാണ് തീരുമാനമായത്. ജില്ലയിൽ നിലവിൽ 1,19,000 വാക്‌സിനാണ് സ്‌റ്റോക്കുള്ളത്. ഇത് രണ്ടു ദിവസത്തിനകം വിതരണം ചെയ്യാൻ ജില്ലാകലക്‌ടർക്ക് മന്ത്രി നിർദ്ദേശം നൽകി. തീരുന്ന മുറയ്‌ക്ക്‌ ആവശ്യമായ വാക്‌സിൻ ലഭ്യമാക്കുമെന്ന്‌ മന്ത്രി ഉറപ്പ് നൽകി. ജൂൺ 30 നകം 10 ലക്ഷം പേർക്ക്‌ വാക്‌സിൻ നൽകാനും അതിനായി ആക്‌ഷൻ പ്ലാൻ തയ്യാറാക്കാനും തീരുമാനമായി.

ജില്ലയിൽ വാക്‌സിനേഷൻ ഫലപ്രദമല്ലെന്ന് മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു. വാര്‍ത്തക്ക് പിന്നാലെയാണ് നടപടി. അതേസമയം സംസ്ഥാനത്ത് മറ്റന്നാള്‍ മുതല്‍ ഒമ്പതാം തിയ്യതി വരെ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടര്‍ച്ചയായി മൂന്ന് ദിവസം 15 ശതമാനത്തിന് താഴെ എത്തിയാല്‍ മാത്രമേ ലോക്ക് ഡൌണ്‍ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരിന്നു. ടി.പി.ആര്‍ ഉയര്‍ന്ന നില്‍ക്കുന്ന സാഹചര്യത്തിലാണ് അധിക നിയന്ത്രണങ്ങള്‍ കൊണ്ട് വരുന്നത്. ജൂണ്‍ 5 മുതല്‍ 9 വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങള്‍ ജൂണ്‍ 4 ന് രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തിക്കാം.ജൂണ്‍ 5 മുതല്‍ ജൂണ്‍ 9 വരെ ഇവയ്ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടാവില്ല. അവശ്യ വസ്തുക്കളുടെ കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റും വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിര്‍മ്മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവക്കു മാത്രമേ ജൂണ്‍ 5 മതുല്‍ 9 വരെ പ്രവര്‍ത്തനാനുമതി ഉണ്ടാവുകയുള്ളു. ജൂണ്‍ 4 ന് പാഴ്വസ്തു വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാം. പ്രായമായ റബ്ബര്‍ മരങ്ങള്‍ മുറിച്ചു നീക്കുന്നതിനും പുതിയ റബ്ബര്‍ തൈകള്‍ വച്ചുപിടിപ്പിക്കുന്നതിനും അനുമതി നല്‍കും.

മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികള്‍ക്കും പ്രവർത്തനാനുമതി നല്‍കും. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, തുടങ്ങിയവ 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജൂണ്‍ 10 മുതലാണ് പ്രവര്‍ത്തിക്കുക. നേരത്തെ ഇത് ജൂണ്‍ 7 ആയിരിന്നു തീരുമാനിച്ചിരുന്നത്.സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്നവര്‍ മാത്രംകോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ കരുതിയാല്‍ മതി.കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നത് ജില്ലാതലത്തിലാക്കുന്നത് ആലോചിക്കും. മൂന്നാം തരംഗമുണ്ടാവുകയാണെങ്കില്‍ നേരിടാനുള്ള നടപടികള്‍ ആരംഭിച്ചു.അതിഥി തൊഴിലാളികളെ മുഴുവന്‍ വാക്സിനേറ്റ് ചെയ്യും. . മറ്റു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളിലെ മുഴുവന്‍ പേരേയും വാക്സിനേറ്റ് ചെയ്യാനും തീരുമാനിച്ചു

Tags:    

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News