''ഉസ്താദിന്റെ കഫം വീണതിനെല്ലാം രുചികൂടും. വാങ്ങിത്തിന്നോ...''; തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ സിപി സുഗതൻ

ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചതിനെതിരെ നടന്ന സംഘ്പരിവാർ പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിൽ പിണറായി വിജയൻ സർക്കാർ രൂപീകരിച്ച നവോത്ഥാന സമിതിയുടെ ജോയിന്റ് കൺവീനറായിരുന്നു സിപി സുഗതൻ

Update: 2021-11-19 14:49 GMT
Editor : Shaheer | By : Web Desk
Advertising

പൊന്നാനിയിലെ പലഹാരക്കയെക്കുറിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ ഡോ. തോമസ് ഐസക്ക് ഫേസ്ബുക്കിലിട്ട കുറിപ്പിൽ വിദ്വേഷ കമന്റുമായി നവോത്ഥാന സമിതി മുൻ ജോയിന്‍റ് കണ്‍വീനര്‍ സി.പി സുഗതന്‍. പൊളിറ്റിക്കൽ ഇസ്‍ലാമിന്‍റെ തുപ്പിയ ഭക്ഷണം സ്വന്തം വാങ്ങിത്തിന്നാൽ മതിയെന്നും അതിന് മറ്റുള്ളവരെ കൂട്ടുപിടിക്കേണ്ടെന്നുമാണ് കമന്റിൽ സുഗതൻ പറയുന്നത്. സംഘ്പരിവാറിന്റെ ശബരിമല പ്രക്ഷോഭങ്ങൾക്കെതിരെ പിണറായി സർക്കാരിന്റെ മുൻകൈയിൽ ആരംഭിച്ച നവോത്ഥാന സമിതിയുടെ പ്രധാന റോളിലുണ്ടായിരുന്നയാളാണ് സുഗതൻ.

പൊന്നാനിയിലെ മുസ്‍ലിം തറവാടുകളിൽ സ്ത്രീകളുടെ നേതൃത്വത്തിലുണ്ടാക്കുന്ന 40ഓളം വരുന്ന പലഹാരക്കടികൾ വിൽക്കുന്ന കടയെക്കുറിച്ചായിരുന്നു തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വിവിധതരം അപ്പങ്ങൾ, പത്തിരികൾ, കേക്കുകൾ, മറ്റു വിഭവങ്ങളെല്ലാം വിവരിക്കുന്നുണ്ട് പോസ്റ്റിൽ. രാത്രി വൈകിയെത്തിയതിനാൽ ഷെൽഫ് കാലിയായിരുന്നുവെന്ന സങ്കടവും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. ഇതിനു താഴെയാണ് സുഗതന്റെ വിദ്വേഷ പരാമർശങ്ങൾ അടങ്ങിയ കമന്റ്.

നിങ്ങൾ ബഹുമാനം അർഹിക്കാത്ത കപടരാഷ്ട്രീയക്കാരനാണ്. അതുകൊണ്ട് താങ്കളെ ഞാൻ നീ എന്നു വിളിക്കുന്നു. പൊളിറ്റിക്കൽ ഇസ്‌ലാമിന്റെ തുപ്പിയ ഭക്ഷണം നീ തന്നെ വാങ്ങിത്തിന്നാൽ മതി. ഉസ്താദിന്റെ കഫം വീണതിനെല്ലാം രുചികൂടും. വാങിത്തിന്നോ... അതിനു മറ്റുള്ളവരെ കൂട്ടുപിടിക്കേണ്ട-കമന്റിൽ സുഗതൻ പറയുന്നു.


ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിക്കെതിരെ സംഘ്പരിവാർ നേതൃത്വത്തിൽ നടന്ന സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കഴിഞ്ഞ തവണ പിണറായി വിജയൻ സർക്കാർ നവോത്ഥാന സമിതി രൂപീകരിച്ചത്. യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ കൂട്ടായ്മ എന്ന പേരിൽ രൂപീകരിച്ച സമിതി വനിതാ മതിൽ അടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. പിന്നീട് നിഷ്‌ക്രിയമായ സമിതിയിൽനിന്ന് സി.പി സുഗതൻ അടക്കമുള്ള ഒരുവിഭാഗം വിട്ടുപോയി. സംസ്ഥാന സർക്കാർ മുൻകൈയെടുത്ത് സിപിഎം അടക്കമുള്ള ഇടത് സംഘടനകളുടെ പിന്തുണയോടെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് രൂപീകരിച്ച നവോത്ഥാന സമിതിയിൽ സുഗതനടങ്ങുന്ന സംഘ്പരിവാർ അനുഭാവികൾ ഉൾപ്പെട്ടതിൽ അന്നുതന്നെ വിമർശനമുയർന്നിരുന്നു.

തോമസ് ഐസക്കിന്റെ മുഴുവൻ ഫേസ്ബുക്ക് കുറിപ്പ് താഴെ വായിക്കാം

പൊന്നാനിയിലെ പലഹാരക്കടയിൽ പോയിട്ടുണ്ടോ? പേര് തന്നെ 40 ഇന പലഹാരക്കടയെന്നാണ്. ഇതിനെക്കാൾ കൂടുതൽ ഇനം പലഹാരങ്ങളുള്ള കടകൾ പലതുമുണ്ടാകും. പക്ഷേ, പൊന്നാനിക്കടയിലെ പലഹാരങ്ങൾ ഏതെങ്കിലും ബേക്കറിയിൽ ഉണ്ടാക്കുന്നതല്ല. മു്‌സ്്‌ലിം തറവാടുകളിൽ അകത്തളങ്ങളിൽ ഒതുങ്ങിക്കൂടുന്ന സ്ത്രീകൾ ഉണ്ടാക്കുന്നതുതന്നെ. നല്ലൊരു പങ്ക് പൊന്നാനിയുടെയും മലപ്പുറത്തിന്റെയും തനതുസംഭാവനകളാണ്. പുയ്യാപ്ല സൽക്കാരവും പെരുന്നാളുകളും ഗൾഫിലേയ്ക്കു യാത്ര അയക്കലും തുടങ്ങിയ വിശേഷങ്ങൾക്കുമാത്രം ഉണ്ടാക്കാറുള്ള പലഹാരങ്ങൾ. ഈ പൈത്യക രസമൂറും പലഹാരങ്ങളെല്ലാം ഒറ്റക്കടയിൽ.

ഞാൻ ചെന്നപ്പോൾ രാത്രി ഏറെ വൈകിപ്പോയി. അതുകൊണ്ട് ഷെൽഫിൽ നല്ലപങ്കും കാലി. എങ്കിലും ചില അലമാരകളിൽ വിവിധതരം വറവുകൾ ഉണ്ടായിരുന്നു. പലതിലും ഇറച്ചിയും മറ്റും നിറച്ചവയാണ്. മധുരമുള്ളവയും എരിവുള്ളതും ഇവ രണ്ടുമില്ലാത്തും പലഹാരങ്ങളിൽ ഉണ്ട്. കുറച്ചുകോഴി അട വാങ്ങി. 2-3 ആഴ്ച ഇരിക്കുമത്രേ. പിന്നെ ലക്ഷദ്വീപ് പനംചക്കരയിൽ മലരും മറ്റും ചേർത്തുണ്ടാക്കിയ പലഹാരങ്ങൾ.

മുട്ടപ്പത്തിരിയാണ് പൊന്നാനിയുടെ ദേശീയ അപ്പം. രാവിലെയും വൈകുന്നേരത്തെ ചായക്കും ഇത് ഇഷ്ടവിഭവം. പത്തിരി തന്നെ ഒട്ടേറെ ഇനങ്ങൾ ഉണ്ട്. വെളിച്ചെണ്ണ പത്തിരി, നെയ്പത്തിരി, കൈപത്തിരി, കട്ടിപ്പത്തിരി, ഇറച്ചിപ്പത്തിരി, പൊരിച്ച പത്തിരി, ചട്ടിപ്പത്തിരി... ലക്ഷദ്വീപ് ചക്കരകൊണ്ട് ഉണ്ടാക്കുന്നതാണ് ബിണ്ടിഹലുവ. പൂപോലുള്ളതുപോലുള്ളൊരു പുവ്വപ്പം. അപ്പങ്ങൾ തന്നെ പലവിധമുണ്ട്. ചുക്കപ്പം, വട്ടപ്പം, വെട്ടപ്പം, അരീരപ്പം, ബിസ്‌ക്കറ്റപ്പം, കാരക്കപ്പം, കുഴിയപ്പം, കുരുവപ്പം, കിണത്തപ്പം, അണ്ട്യപ്പം, പിടിയപ്പം, മയ്യത്തപ്പം. പൊന്നാനിക്കാരുടെ സമൂസ മണ്ടയാണ്. പക്ഷേ അതിൽ എരിവല്ല മധുരമാണ് നിറച്ചിട്ടുള്ളത്. ചിരട്ടമാല ജിലേബി പോലെയിരിക്കും. പക്ഷേ മധുരമില്ല. ചിരട്ടതുളയിലൂടെ വറച്ചട്ടിയിലേക്ക് വീഴ്ത്തുന്നതുകൊണ്ട് ചിരട്ടമാല.

Full View

പൊന്നാനിയിൽ കേക്കുകളുമുണ്ട് ധാരാളം. മുട്ടക്കേക്ക്, റവക്കേക്ക്, മൈദക്കേക്ക്, തരിക്കേക്ക്, കുഴിക്കേക്ക് പഴംക്കേക്ക്... പൊന്നാനി പലഹാരങ്ങളുടെ രാജക്കാന്മാരാണ് മുട്ടമാലയും മുട്ടസുർക്കയും. മുട്ടയുടെ മഞ്ഞക്കരു മാത്രമെടുത്ത് ഉടച്ച് ചിരട്ടയിലൂടെ നൂലുപോലെയാക്കി പഞ്ചസാര പാവിലൊഴിച്ച് ഉണ്ടാക്കുന്നതാണ് മുട്ടമാല. ബാക്കിവരുന്ന വെള്ളക്കരു ഉപയോഗിച്ച് പതപ്പിച്ച് മധുരം ചേർത്ത് കേക്ക് രൂപത്തിൽ ഉണ്ടാക്കുന്നതാണ് മുട്ടസുർക്ക.

ഇങ്ങിനെ 40ൽപരം പലഹാരങ്ങൾ. ഇവയെ മുസ്‌ലിം തറവാടുകളിൽനിന്ന് പുറത്തുകൊണ്ടുവന്നത് 2020 ജനുവരി മാസത്തിൽ പൊന്നാനിയിൽ നടന്ന പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന സമ്മേളനമാണ്. അതോടനുബന്ധിച്ച് സംഘാടകരായ ഖലീമുദ്ദീനും വിജയൻ കോതമ്പത്തും ഈ വീട്ടകങ്ങളിൽ പോയി സ്ത്രീകളുമായി സംസാരിച്ചു. അങ്ങനെ 'അപ്പങ്ങളെമ്പാടും' എന്നൊരു പ്രദർശനം തന്നെ സംഘടിപ്പിച്ചു. പൊന്നാനിയുടെ പലഹാര രസക്കൂട്ടുകളുടെ ആദ്യത്തെ ഈ പ്രദർശനം വമ്പിച്ച വിജയമായിരുന്നു. ഈ സംരംഭം ഇപ്പോഴും വാട്‌സ്ആപ്പ് കൂട്ടായ്മയായി തുടരുന്നു. ഈ അപ്പങ്ങൾ ബ്രാൻഡ് ചെയ്യാൻ ഇവർ ആലോചിക്കുന്നുണ്ട്.

പൊന്നാനിയുടെ പലഹാരങ്ങളുടെ ചരിത്രം വളരെ നീണ്ടതാണ്. ഡോ. ഫസീല തരകത്ത് എഴുതിയ പി.എച്ച്.ഡി പ്രബന്ധമായ പൊന്നാനിയുടെ പ്രാദേശിക ചരിത്രത്തിൽ പൊന്നാനി അപ്പങ്ങളുടെ ചരിത്രം വിവരിക്കുന്നുണ്ട്. ഇനി ഒരിക്കൽ പോകുമ്പോൾ വായിക്കണം.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News