സി.പി.ഐ കൊല്ലം ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും; പി.എസ് സുപാൽ ജില്ലാ സെക്രട്ടറി ആയേക്കും
പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ ഇന്നലെ വൈകിയും വിമർശനമുണ്ടായി.
സി.പി.ഐ കൊല്ലം ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും. കാനം-ഇസ്മായീൽ പക്ഷങ്ങൾ പരസ്പരം പോരടിക്കുന്ന ജില്ലയിൽ സമവായ ഫോർമുല പ്രകാരം പി.എസ് സുപാൽ എം.എൽ.എ ജില്ലാ സെക്രട്ടറി ആയേക്കും. പ്രതിനിധി സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ ഇന്നലെ വൈകിയും വിമർശനമുണ്ടായി.
നേതാക്കൾ തന്നെ വിഭാഗീയതയ്ക്ക് ചുക്കാൻ പിടിക്കുന്നുവെന്ന് സമ്മേളനത്തിൽ വിമർശനം ഉയർന്ന കൊല്ലത്ത് ജില്ലാ സെക്രട്ടറിയെ കണ്ടെത്തുന്നത് എളുപ്പമല്ല. മുല്ലക്കര രത്നാകരൻ സ്ഥാനം ഒഴിയുമ്പോൾ സംസ്ഥാന കൗൺസിൽ അംഗം ആർ രാജേന്ദ്രനെ സെക്രട്ടറിയാക്കാമെന്നാണ് കാനം പക്ഷം ചിന്തിച്ചിരുന്നത്.
ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറി ജി.ലാലുവിനെ സെക്രട്ടറിയാക്കാമെന്ന് എതിർ വിഭാഗവും കണക്കുകൂട്ടി. എന്നാൽ ഒത്തുതീർപ്പ് ഫോർമുലയെന്നോണം പി.എസ് സുപാൽ എം.എൽ.എ സെക്രട്ടറിയാകുമെന്നാണ് ഇപ്പോഴത്തെ സൂചന. ഇന്ന് രാവിലെ ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ വോട്ടെടുപ്പിലേക്ക് കാര്യങ്ങൾ നീങ്ങും. പ്രതിനിധി സമ്മേളനത്തിൽ കാനത്തിനെതിരെ കടുത്ത വിമർശനങ്ങളാണുണ്ടായത്. ജില്ലാ സെക്രട്ടറിയായി സംസ്ഥാന നേതൃത്വം തീരുമാനിച്ചയാൾക്ക് സ്ഥാനമേറ്റെടുക്കാനായില്ല. സംസ്ഥാന നേതൃത്വത്തിന് നട്ടെല്ലില്ലെന്നും വിമർശനമുയർന്നു. സിപിഐ മന്ത്രിമാരിൽ കെ രാജൻ ഒഴികെയുള്ളവർ പരാജയമാണ്ടെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി