പത്തനംതിട്ടയിൽ സി.പി.ഐ നേതാവ് കോൺഗ്രസിൽ
സംഘടനയുമായുള്ള വിയോജിപ്പാണ് പാർട്ടി വിടാൻ കാരണമെന്നും പ്രവർത്തിക്കാൻ നല്ലത് കോൺഗ്രസാണെന്നും അബ്ദുൽ ഷുക്കൂർ
പത്തനംതിട്ട:പത്തനംതിട്ടയിൽ സി.പി.ഐ നേതാവ് കോൺഗ്രസിൽ. സിപിഐ ജില്ലാ കൗൺസിൽ അംഗവും പത്തനംതിട്ട മണ്ഡലം സെക്രട്ടറിയുമായ അബ്ദുൽ ഷുക്കൂറാണ് കോൺഗ്രസിൽ ചേർന്നത്. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പു ചുമതലയുള്ള നേതാവ് ആയിരുന്നു അബ്ദുൽ ഷുക്കൂർ. സിപിഐ നേതൃത്വവുമായി ഇടഞ്ഞാണ് ഇദ്ദേഹം രാജിവെച്ചത്. തെരഞ്ഞെടുപ്പിൽ എട്ട് പഞ്ചായത്തുകളുടെ ചുമതലയുള്ള നേതാവായിരുന്ന ഇദ്ദേഹം പാർട്ടിയുമായി പിണങ്ങി കുറച്ചു ദിവസമായി അവധിയിലായിരുന്നു. ജില്ലാ പഞ്ചായത്തിലെ വൈസ് പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്നതിലുണ്ടായ തർക്കമാണ് അബ്ദുൽ ഷുക്കൂർ പാർട്ടി വിടാൻ ഇടയാക്കിയത്.
സംഘടനയുമായുള്ള വിയോജിപ്പാണ് പാർട്ടി വിടാൻ കാരണമെന്നും പ്രവർത്തിക്കാൻ നല്ലത് കോൺഗ്രസാണെന്നും അബ്ദുൽ ഷുക്കൂർ പറഞ്ഞു. നേതാക്കൾ അടക്കം കൂടുതൽ സഖാക്കൾ കോൺഗ്രസിലേക്ക് വരുമെന്നും അബ്ദുൽ ഷുക്കൂർ മീഡിയവണിനോട് പറഞ്ഞു. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണി വലിയ വിജയം നേടുമെന്നും അവകാശപ്പെട്ടു.