എം.വി ഗോവിന്ദന്‍റെ മണ്ഡലത്തിൽ സി.പി.എം - സി.പി.ഐ ഭിന്നത; കുടുംബ സംഗമത്തിൽ നിന്ന് സി.പി.ഐയെ ഒഴിവാക്കി
സി.പി.എം കുടുംബ സംഗമം എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്
കണ്ണൂര്‍: സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മണ്ഡലത്തിൽ സി.പി.എം -സി.പി.ഐ ഭിന്നത. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നോടിയായി നടന്ന എൽ.ഡി.എഫ് കുടുംബ സംഗമത്തിൽ നിന്ന് സി.പി.ഐയെ ഒഴിവാക്കി . സി.പി.എം കുടുംബ സംഗമം എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സി. പി.എം നിലപാട് ഏകപക്ഷീയമാണെന്നും ഈ മാസം പതിനെട്ടിന് സ്വന്തം കുടുംബ സംഗമം സംഘടിപ്പിക്കുമെന്നും സി.പി.ഐ നേതൃത്വം പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാരിന്‍റെ വികസന നേട്ടങ്ങൾ ജനങ്ങളോട് വിശദീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഴുവൻ എം.എൽ.എമാരുടെയും മണ്ഡലങ്ങളിൽ കുടുംബ സംഗമം സംഘടിപ്പിക്കാൻ എൽ .ഡി. എഫ് സംസ്ഥാന കമ്മറ്റി തീരുമാനമെടുത്തത്.നാളെ മുതൽ നാല് ദിവസങ്ങളിലായാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ മണ്ഡലത്തിലെ കുടുംബ സംഗമങ്ങൾ.എന്നാൽ പരിപാടിയിൽ നിന്ന് സി.പി.ഐ അടക്കമുളള ഘടക കക്ഷികളെ പൂർണമായും ഒഴിവാക്കി.സി.പി.എം കുടുംബ സംഗമങ്ങൾ എന്ന പേരിലാണ് തളിപ്പറമ്പിലെ പരിപാടി.തളിപ്പറമ്പിൽ സി.പി.എം-സി.പി.ഐ പോര് രൂക്ഷമാണ്.
സി.പി.ഐയെ പരിപാടിയിൽ നിന്ന് ഒഴിവാക്കാനാണ് സി.പി.എം സ്വന്തമായി കുടുംബ സംഗമങ്ങൾ നടത്തുന്നതെന്നാണ് ആക്ഷേപം.സി.പി.എം നേതാവ് കോമത്ത് മുരളീധരൻ പാർട്ടി വിട്ട് സി.പി.ഐയിൽ ചേർന്നതാണ് സി.പി.എമ്മിനെ പ്രകോപിപ്പിച്ചത്.മുരളീധരൻ അടക്കമുളളവരുമായി വേദി പങ്കിടാൻ താത്പര്യമില്ലന്ന നിലപാടിലാണ് പ്രദേശിക സി.പി.എം നേതൃത്വം. സി.പി.എം നിലപാടിൽ പ്രതിഷേധിച്ച് സ്വന്തമായി കുടുംബ സംഗമം നടത്താനുളള തീരുമാനത്തിലാണ് സി.പി. ഐ. ഈ മാസം 18 ന് നടക്കുന്ന കുടുംബ സംഗമം സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം.പി മുരളി ഉദ്ഘാടനം ചെയ്യും.