രാജ്യസഭാ തെരഞ്ഞെടുപ്പ്: ജയസാധ്യതയുള്ള 2 സീറ്റിലും സിപിഎം മത്സരിക്കും

സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ ഈ വെള്ളിയാഴ്ച എല്‍ഡിഎഫ് യോഗം ചേരും

Update: 2021-04-13 14:52 GMT
Advertising

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ജയ സാധ്യതയുള്ള രണ്ട് സീറ്റിലും സിപിഎം മത്സരിക്കും. സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ ഈ വെള്ളിയാഴ്ച എല്‍ഡിഎഫ് യോഗം ചേരും. സിപിഎം സെക്രട്ടേറിയറ്റ് യോഗവും അന്ന് ചേരും.

മൂന്ന് സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ രണ്ട് സീറ്റുകളില്‍ ഇടത് മുന്നണിക്ക് ജയസാധ്യതയുണ്ട്. ഇടത് സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പ്, കര്‍ഷക സമരത്തിന് നേതൃത്വം നല്‍കുന്ന വിജു കൃഷ്ണന്‍, തോമസ് ഐസക് തുടങ്ങിയ പേരുകളാണ് നിലവില്‍ പരിഗണനയിലുള്ളത്.

സംസ്ഥാനത്ത് ഒഴിവ് വന്ന മൂന്ന് സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും. ഈ മാസം 20 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുന്‍പ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

വയലാർ രവി, കെ കെ രാഗേഷ്, പി വി അബ്ദുല്‍ വഹാബ് എന്നിവരുടെ കാലാവധി ഈ മാസം 21നാണ് അവസാനിക്കുക. ഏപ്രില്‍ 12ന് തെരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ അറിയിച്ചിരുന്നത്. നിയമസഭയുടെ കാലാവധി തീരാനിരിക്കെ രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തുന്നത് ഉചിതമാണോ എന്ന് കേന്ദ്ര നിയമ മന്ത്രാലയം ചോദിച്ചതോടെയാണ് കമ്മീഷൻ തെരഞ്ഞെടുപ്പ് മരവിപ്പിച്ചത്. തുടര്‍ന്ന് നിയമസഭാ സെക്രട്ടറിയും എസ്. ശർമ എംഎൽഎയും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പിന്നാലെയാണ് ഈ നിയമസഭയുടെ കാലാവധി തീരും മുന്‍പ് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനമായത്.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News