'വിവരങ്ങൾ ചോർത്തി നൽകുന്നു'; കായംകുളത്തിന്റെ വിപ്ലവം, ചെമ്പട കായംകുളം ഫേസ്ബുക്ക് പേജുകൾക്കെതിരെ നിയമ നടപടിയുമായി സി.പി.എം
ഫേസ്ബുക്ക് പേജുകൾക്കെതിരെ സി.പി.എം ഏരിയാ കമ്മിറ്റി പരാതി നൽകി
ആലപ്പുഴ: കായംകുളത്തെ വിഭാഗീതയയെതുടർന്ന് ഫേസ്ബുക്ക് അക്കൗണ്ടുകൾക്കെതിരെ പരാതി. കായംകുളത്തിന്റെ വിപ്ലവം, ചെമ്പട കായംകുളം എന്നിവക്കെതിരെ ആലപ്പുഴ എസ്പിക്ക് പരാതി നൽകി. സി.പി.എം ഏരിയാ കമ്മിറ്റിയാണ് പരാതി നൽകിയത്.
വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ എസ്.എഫ്.ഐ മുൻ നേതാവ് നിഖിൽ തോമസിന് ഒരു ഫേസ്ബുക്ക് അക്കൗണ്ടുമായി ബന്ധമുണ്ടെന്ന് സി.പി.എം നൽകിയ പരാതിയിൽ പറയുന്നു. ഈ രണ്ടുഫേസ്ബുക്ക് പേജിന്‍റെയും അഡ്മിന്‍ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഇതില്‍ ഒരു അക്കൗണ്ടിന്‍റെ അഡ്മിന്‍ നിഖിലാണെന്നും ആരോപണം ഉയരുന്നുണ്ട്.
വിവരങ്ങൾ ചോർത്തി നൽകുന്നവർക്കെതിരെ ശക്തമായ നടപടിയെന്നും സി.പി.എം മുന്നറിയിപ്പ് നൽകി.
നിഖിൽ തോമസിന്റെ വ്യജഡിഗ്രി സർട്ടിഫിക്കറ്റ് ആരോപണം ഉയർന്നത് ഫേസ്ബുക്ക് പേജിൽ. കായംകുളം കേന്ദ്രീകരിച്ചുള്ള സി.പി.എം അനുകൂല ഫേസ്ബുക്ക് പേജിലാണ്. ചെമ്പട കായംകുളം എന്ന ഫേസ്ബുക്ക് പേജിൽ ഈ ജനുവരിയിലാണ് നിഖിലിനെതിരെ ആദ്യം പരാതി ഉയരുന്നത്.
എല്ലാ സെമസ്റ്ററും പൊട്ടിപ്പാളീസായ നിഖിൽതോമസിന് എങ്ങനെയാണ് എം.എസ്.എം കോളജിൽ എം.കോമിന് അഡ്മിഷൻ ലഭിച്ചതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചിരുന്നു. വേറെ ഏതോ യൂണിവേഴ്‌സിറ്റിയുടെ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയാണ് അഡ്മിഷൻ എടുത്തതെന്നും ഫേസ്ബുക്കിൽ ആരോപിക്കുന്നുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ കെ.എസ്.യു വിവരാവകാശ അപേക്ഷ നൽകിയെങ്കിലും എം.എസ്.എം കോളജ് മറുപടി നൽകിയിരുന്നില്ല. അഞ്ചുമാസത്തിനിപ്പുറമാണ് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അഡ്മിഷൻ നേടിയ വിവരം പുറത്താകുന്നത്.
അതേസമയം, നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ എസ്എഫ്‌ഐ കായംകുളം മുൻ ഏരിയാ പ്രസിഡന്റ് അബിൻ സി രാജിനെ പൊലീസ് പിടികൂടി. മാലിദ്വീപിൽ നിന്ന് നാട്ടിലെത്തിയപ്പോൾ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകിയെന്ന് നിഖിൽ പറയുന്ന കൊച്ചിയിലെ സ്ഥാപനം പൂട്ടിയ നിലയിലാണുള്ളത്.