'സി.പി.എം പ്രവർത്തകർ പ്രതിയെ സംരക്ഷിച്ചിട്ടില്ല, വീട്ടുടമസ്ഥന് ആർ.എസ്.എസ് അനുകൂല നിലപാട്'; എം.വി ജയരാജൻ
'പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതി നിജിൽ ദാസിനെ ഒളിവിൽ പാർപ്പിച്ചത് ആസൂത്രിതമാണ്. ബോംബേറിൽ പാർട്ടിക്ക് ബന്ധമില്ല'
കണ്ണൂർ: പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതി താമസിച്ചത് ആൾത്താമസമില്ലാത്ത വീട്ടിലാണെന്നും സി.പി.എം പ്രവർത്തകർ പ്രതിയെ സംരക്ഷിച്ചിട്ടില്ലെന്നും കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. 'വീട്ടുടമസ്ഥന് ആർ.എസ്.എസ് അനുകൂല നിലപാടാണ്. പിന്നെങ്ങനെയാണ് വീട്ടുടമ സി.പി.എം അനുഭാവിയാവുക. പ്രതിയെ ഒളിവിൽ പാർപ്പിക്കാൻ അറസ്റ്റിലായ രേഷ്മ സഹായിച്ചു.പിണറായി പെരുമ പരിപാടിക്ക് ഇതേ വീട് വാടകയ്‌ക്കെടുത്തത് തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും' അദ്ദേഹം പറഞ്ഞു.
'പ്രശാന്തിന് സി.പി.എം ബന്ധമില്ല. ഒളിവിൽ പാർപ്പിച്ചത് ആസൂത്രിതമാണ്. സഹായം ചെയ്ത സ്ത്രീ ഭക്ഷണം വരെ ഉണ്ടാക്കി നൽകി.ബോംബേറിൽ പാർട്ടിക്ക് ബന്ധമില്ല. ഒളിവിൽ താമസിച്ചത് ശ്രദ്ധയിൽപ്പെടാത്തതിന് ആരെയും കുറ്റപ്പെടുത്താനാകില്ല. പ്രതി പിണറായിൽ താമസിച്ചതിൽ ആരെയും കുറ്റപ്പെടുത്താനാകില്ല. കൊലക്കേസിലെ പ്രതിയെ സംരക്ഷിച്ച പി.എം രേഷ്മയുടെ നടപടി ഗൗരവമുള്ള കുറ്റമാണെന്നും ഇവരും പ്രതിയും തമ്മിലുള്ള തമ്മിലുള്ള ബന്ധത്തിൽ അസ്വാഭാവികതയുണ്ടെന്നും' ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.
പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതി നിജിൽ ദാസിനെ പിടികൂടിയ വീടിന് നേരെയാണ് ഇന്നലെ ബോംബേറുണ്ടായത്. പിണറായി പാണ്ട്യാല മുക്കിലെ വീടിന് നേരെയാണ് ഇന്നലെ രാത്രി എട്ടുമണിയോടെ ബോംബേറുണ്ടായത്.പുന്നോൽ ഹരിദാസ് വധക്കേസിലെ 14ാം പ്രതി നിജിൽ ദാസിനെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടുടമസ്ഥാനായ പ്രശാന്തും ഭാര്യ രേഷ്മയുമാണ് നിജിലിന് താമസിക്കാൻ സ്ഥലം നൽകിയിരുന്നത്. തുടർന്ന് രേഷ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രശാന്ത് വിദേശത്താണ്. വീടിന്റെ എല്ലാ ജനലുകളും അടിച്ചുതകർത്തശേഷം രണ്ട് ബോംബുകൾ എറിഞ്ഞതായാണ് പൊലീസ് പറയുന്നത്. വീടിന് പുറത്തുണ്ടായ കസേരകൾ കിണറ്റിലെറിഞ്ഞ നിലയിലാണ്. പൊലീസ് സംഘം ഇന്നലെ രാത്രി തന്നെ സ്ഥലത്തെത്തി ക്യാമ്പ് ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് സമീപത്താണ് ബോംബെറിഞ്ഞ വീട്.