'സുരേന്ദ്രൻ നിരപരാധിയല്ല'; കൊടകരക്കേസിൽ അന്വേഷണം അട്ടിമറിച്ചത് സിപിഎം-ബിജെപി കൂട്ടുകെട്ട്: വി.ഡി സതീശൻ
കൊടകരയിൽ സിപിഎമ്മും ബിജെപിയും പരസ്പര സഹായ സഹകരണ സംഘങ്ങളായി പ്രവർത്തിക്കുകയായിരുന്നു എന്നും സതീശൻ പറഞ്ഞു.
തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ നിരപരാധിയാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ വാദം പൂർണമായും തെറ്റാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. 41 കോടി 40 ലക്ഷം രൂപയുടെ കള്ളപ്പണം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സംസ്ഥാനത്തേക്ക് കൊണ്ടുവന്നു എന്നും കള്ളപ്പണം കൊണ്ടുവരാൻ നിർദേശിച്ചത് കെ. സുരേന്ദ്രനാണെന്നും പൊലീസിന്റെ ആദ്യ അന്വേഷണത്തിൽ തന്നെ വ്യക്തമായതാണ്. എന്നിട്ടും കള്ളപ്പണ ഇടപാടിൽ കേസെടുക്കാൻ ഇഡി തയ്യാറായില്ല എന്നത് വിസ്മയിപ്പിക്കുന്നതാണ്. ഏത് ആരോപണം വന്നാലും അതിന് പിന്നാലെ പായുന്ന ഇഡി കൊടകര കുഴൽപ്പണ കേസിൽ പൂർണ നിശബ്ദത പാലിച്ചു. അന്വേഷണത്തിനായി സമ്മർദ്ദം ചെലുത്താൻ സംസ്ഥാന സർക്കാർ തയ്യാറായതുമില്ല.
തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന് മുമ്പ് തന്നെ കളളപ്പണ ഇടപാടിനെ കുറിച്ച് പോലീസിന് അറിയാമായിരുന്നു. സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെയും ഗൂഢാലോചനയുടെയും ഭാഗമായി അന്വേഷണം പ്രഹസനമായി. പരസ്പര സഹായ സഹകരണ സംഘമായി സിപിഎമ്മും ബിജെപിയും പ്രവർത്തിച്ചു.
പിണറായി വിജയന് കേരള ബിജെപിയിൽ എത്രമാത്രം സ്വാധീനമുണ്ട് എന്നതിന്റെ തെളിവാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ഇന്നത്തെ ആരോപണങ്ങൾ. ശോഭാ സുരേന്ദ്രൻ രാഷ്ട്രീയത്തിൽ ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നവരിൽ പ്രധാനി പിണറായി വിജയനാണെന്നാണ് അവരുടെ ആരോപണം. കേരളത്തിലെ ബിജെപി നേതൃത്വം പിണറായി വിജയനുമായി ചേർന്ന് തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിക്കുന്നു എന്ന പരോക്ഷ ആരോപണമാണ് ശോഭാ സുരേന്ദ്രൻ ഉന്നയിക്കുന്നത്. സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് എവിടെ എത്തിനിൽക്കുന്നു എന്നതിന് തെളിവാണ് ശോഭാ സുരേന്ദ്രന്റെ വാക്കുകൾ. ഇത്രയും ദുഷിച്ച രാഷ്ട്രീയ ബന്ധത്തിന് ഉപതെരഞ്ഞെടുപ്പുകളിൽ ജനം മറുപടി നൽകുമെന്നും പിണറായി പറഞ്ഞു.