'സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നിൽ സി.പി.എം-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട്'; വി.കെ ശ്രീകണ്ഠൻ
മേയർ വിഷയത്തിൽ സി.പി.എം മൗനം വെടിയണമെന്നും ആവശ്യം
പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നിൽ സി.പി.എം-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടാണെന്ന ആരോപണവുമായി വി.കെ ശ്രീകണ്ഠൻ എം.പി. സുരേഷ് ഗോപി എംപിയാകാൻ യോഗ്യനെന്ന് സിപിഎമ്മിന് ഒപ്പം നിൽക്കുന്ന തൃശൂർ മേയർ പറഞ്ഞത് ഇതിന്റെ തെളിവാണെന്നും ശ്രീകണ്ഠൻ പറഞ്ഞു.
മേയർക്കെതിരെ സി.പി.ഐ രംഗത്തുവന്നതും ശ്രീകണ്ഠൻ ചൂണ്ടിക്കാണിച്ചു. 'മേയർ കൂടെനിന്ന് ചതിച്ചെന്ന് വി.എസ് സുനിൽകുമാർ വെളിപ്പെടുത്തി, അദ്ദേഹം രാജിവെക്കണമെന്ന് സി.പി.ഐ പരസ്യമായി ആവശ്യപ്പെട്ടു' ശ്രീകണ്ഠൻ പറഞ്ഞു.
വിഷയത്തിൽ സി.പി.എം മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച ശ്രീകണ്ഠൻ സുരേഷ് ഗോപിയെ പുകഴ്ത്തിയപ്പോഴും മേയറിനെ വിലക്കിയില്ലെന്നും ആരോപിച്ചു. വിഷയത്തിൽ സി.പി.എമ്മിന് പറയാനുള്ളത് അറിയണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പിന് ശേഷം ഡിസിസിയിലുണ്ടായ അസ്വാരസ്യങ്ങളെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ചേലക്കരയിൽ മിടുക്കുള്ള സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും പാലക്കാട് യുവ നേതാവൊ മുതിർന്നവരോ സ്ഥാനാർഥിയാകാമെന്നും അദ്ദേഹം പറഞ്ഞു.