കോൺഗ്രസിനോടുള്ള ധാരണ തുടരാമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയിൽ പൊതുനിലപാട്‌

രാഷ്ട്രീയ പ്രമേയത്തിന്റ കരട് രൂപരേഖയിലെ ചര്‍ച്ചകള്‍ക്ക് ഇന്ന് യെച്ചൂരി മറുപടി നല്‍കും.അതേസമയം കോൺഗ്രസുമായുള്ള സഖ്യത്തെ കേരള ഘടകം എതിര്‍ത്തു.

Update: 2021-10-24 01:48 GMT
Editor : rishad | By : Web Desk
Advertising

കോണ്‍ഗ്രസിനോടുള്ള ധാരണ തുടരാമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയില്‍ പൊതുനിലപാട്. അടവുനയമാകാമെന്ന ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയ നിലപാട് തുടരാം. രാഷ്ട്രീയ പ്രമേയത്തിന്റ കരട് രൂപരേഖയിലെ ചര്‍ച്ചകള്‍ക്ക് ഇന്ന് യെച്ചൂരി മറുപടി നല്‍കും. അതേസമയം കോൺഗ്രസുമായുള്ള സഖ്യത്തെ കേരള ഘടകം എതിര്‍ത്തു. 

രാഷ്ട്രീയ പ്രമേയത്തിന്‍റെ രൂപരേഖ സംബന്ധിച്ച ചർച്ചയിലാണ് കോണ്‍ഗ്രസുമായുള്ള ധാരണ ആവശ്യമാണെന്ന അഭിപ്രായം സി.സി അംഗങ്ങള്‍ ഉയര്‍ത്തിയത്. ബി.ജെ.പിയുടെ വെല്ലുവിളിയെ നേരിടാന്‍ ഒന്നിച്ചുള്ള പ്രവർത്തനമാണ് വേണ്ടത്. യോജിച്ച് പോകാവുന്ന എല്ലാ ജനാധിപത്യ മതേതര കക്ഷികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും കോണ്‍ഗ്രസുമായുള്ള ധാരണ തുടരാവുന്നതാണെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. 

എന്നാല്‍ സഖ്യത്തില്‍ കോണ്‍ഗ്രസിനെ മാത്രം ആശ്രയിച്ച് പോകരുതെന്ന മുന്നറിയിപ്പും ച‍ർച്ചയില്‍ ഉയർന്നു. എന്നാൽ പിബിയില്‍ കോണ്‍ഗ്രസ് ബന്ധത്തെ എതിര്‍ത്ത കേരള ഘടകം കേന്ദ്ര കമ്മിറ്റിയിലും നിലപാട് ആവർത്തിച്ചു. വര്‍ഗീയതയോട് കീഴടങ്ങിയ നിലപാടാണ് കോണ്‍ഗ്രസിന്‍റേത് എന്ന് കുറ്റപ്പെടുത്തിയ കേരളത്തില്‍ നിന്നുള്ള സി.സി അംഗങ്ങള്‍, കോണ്‍ഗ്രസുമായുള്ള ധാരണ തിരിച്ചടിയാകുമെന്നും പറഞ്ഞു. 

രാഷ്ട്രീയ പ്രമേയത്തിന്‍റെ രൂപരേഖ ച‍ർച്ച ചെയ്ത ശേഷം അന്തിമ രൂപം നല്‍കാൻ വീണ്ടും പോളിറ്റ് ബ്യൂറോ യോഗം ചേരും. കോണ്‍ഗ്രസുമായി തെരഞ്ഞെുപ്പില്‍ ധാരണായാകാമെന്ന പൊതു അഭിപ്രായം സിസിയില്‍ ഉയർന്നത് യെച്ചൂരി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരാനുള്ള സാധ്യതയിലേക്ക് കൂടിയാണ് വിരല്‍ ചൂണ്ടുന്നത്. കേന്ദ്രകമ്മറ്റി യോഗം ഇന്ന് അവസാനിക്കും. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News