കോടതിയെ വെല്ലുവിളിച്ച് സി.പി.എം; ശാന്തൻപാറ ഏരിയ കമ്മറ്റി ഓഫീസ് നിർമാണം തുടരുന്നു
നേതാക്കളുടെ നേതൃത്വത്തിൽ ജനറേറ്റർ വച്ചുകൊണ്ടാണ് കെട്ടിടത്തിന്റെ പണികൾ നടത്തുന്നത്
ഇടുക്കി: സി.പി.എം ശാന്തൻപാറ ഏരിയ കമ്മിറ്റി ഓഫീസിൽ ഹൈക്കോടതി ഉത്തരവ് മറികടന്ന് നിർമാണം തുടരുന്നു. നേതാക്കളുടെ നേതൃത്വത്തിൽ ജനറേറ്റർ വച്ചുകൊണ്ടാണ് കെട്ടിടത്തിന്റെ പണികൾ നടത്തുന്നത്. സി.പി.എമ്മിന്റെ വിവിധയിടങ്ങളിൽ പണിത പാർട്ടി ഓഫീസുകളെല്ലാം തന്നെ അനുമതിയില്ലാതെയാണ് പണികഴിപ്പിച്ചത്. അതുകൊണ്ട് തന്നെ റവന്യു വകുപ്പ് നിരവധി തവണ സ്റ്റോപ് മെമ്മോ നൽകിയിരുന്നു. എന്നാൽ ഇത് അവഗണിച്ച് നിർമാണം തുടരുകയായിരുന്നു എന്ന ആരോപണവും പരാതിയും ഉയർന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ ഇടപെടലുണ്ടായത്.
ഹൈക്കോടതി ഉടുമ്പൻ ചോല, ബൈസന്റ് വാലി, ശാന്തൻതപാറ എന്നിവിടങ്ങളിലെ സി.പി.എം പാർട്ടി ഓഫീസ് നിർമാണം അടിയന്തരമായി നിർത്തിവെക്കാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകിയിരുന്നു. നിർമാണ പ്രവർത്തനങ്ങൾ തടയാൻ അവശ്യമെങ്കിൽ കളക്ടർക്ക് പൊലീസ് സംരക്ഷണം തേടാമെന്ന് കോടതി പറഞ്ഞിരുന്നു. ഇതിനായി ആവശ്യമായി ക്രമീകരണങ്ങളൊരുക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് കോടതി നിർദേശം നൽകുകയും ചെയ്തിരുന്നു.
ഈ ഉത്തരവ് വന്നതിന് പിന്നാലെയാണ് ഇന്ന് രാത്രിയിൽ ശാന്തപാറ പാർട്ടി ഓഫീസിന്റെ നിർമാണ പ്രവർത്തനങ്ങൾ ധ്രുത ഗതിയിൽ നടത്തുന്നത്. പ്രാദേശിക നേതാക്കളുടെ സഹകരണത്തോടെ തൊഴിലാളികളെ എത്തിച്ച് ജനറേറ്റർ വെച്ചാണ് ഇപ്പോൾ നിർമാണ പ്രവർത്തനങ്ങൾ തകൃതിയായി നടത്തുന്നത്.
സി.പി.എമ്മിന്റെ വിവിധയിടങ്ങളിൽ നിർമിച്ച പാർട്ടി ഓഫീസുകളെ സംബന്ധിച്ച് നേരത്തെ ജില്ലാ കളക്ടർക്ക് റവന്യു വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. വില്ലേജ് ഓഫീസിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഉടുമ്പൻചോല ഡെപ്യൂട്ടി തഹസിൽദാർ ജില്ലാ കളക്ടർക്ക് ആവശ്യമായ നടപടികൾ എടുക്കാമെന്ന് ചൂണ്ടികാട്ടി റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ റിപ്പോർട്ട് നൽകിയിട്ടും ജില്ലാ കളക്ടർ നടപടി സ്വീകരിച്ചിട്ടില്ല.