'ബിജെപി അവസരം മുതലെടുക്കും'; ശബരിമലയിൽ സ്പോട്ട് ബുക്കിങ് വേണ്ടന്ന തീരുമാനം പിൻവലിക്കണമെന്ന് പത്തനംതിട്ട സിപിഎം
ഇന്നലെയാണ്, ശബരിമല മണ്ഡലകാല ദര്‍ശനത്തിന് ഇത്തവണ വെർച്വല്‍ ക്യൂ മാത്രം മതിയെന്നും സ്പോട്ട് ബുക്കിങ് വേണ്ടെന്നുമുള്ള സർക്കാർ തീരുമാനം തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചത്.
പത്തനംതിട്ട: ശബരിമലയിൽ സ്പോട്ട് ബുക്കിങ് വേണ്ടന്ന തീരുമാനം സർക്കാർ പിൻവലിക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി. ഇക്കാര്യം പാർട്ടി സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. ബിജെപി ഉൾപ്പടെ വീണ്ടും അവസരം മുതലെടുക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി ആവശ്യം.
ഇന്നലെയാണ്, ശബരിമല മണ്ഡലകാല ദര്‍ശനത്തിന് ഇത്തവണ വെർച്വല്‍ ക്യൂ മാത്രം മതിയെന്നും സ്പോട്ട് ബുക്കിങ് വേണ്ടെന്നുമുള്ള സർക്കാർ തീരുമാനം തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചത്. ഭക്തരുടെ സുരക്ഷയാണ് പ്രധാനമെന്നും നല്ല ഉദ്ദേശ്യത്തോടെയാണ് വെർച്വൽ ക്യൂ മാത്രമാക്കിയതെന്നും ഇതിന്റെ എണ്ണം കൂട്ടില്ലെന്നും ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞിരുന്നു.
ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് കോൺഗ്രസും ബിജെപിയും ഉയർത്തിയത്. ശബരിമല പ്രക്ഷോഭത്തിനുള്ള വേദിയാക്കരുതെന്നും സർക്കാർ സ്പോട്ട് ബുക്കിങ് നടപ്പക്കണമെന്നും നിയന്ത്രണങ്ങൾ ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ബുക്കിങ് ഇല്ലാതെ തന്നെ പ്രവേശിക്കുമെന്നും തടഞ്ഞാൽ ശബരിമലയിൽ പ്രതിഷേധങ്ങൾ ഉണ്ടാവുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വ്യക്തമാക്കി.
ഇതോടെ, നിലവിലെ തീരുമാനം മറ്റൊരു സുവർണാവസരമാക്കി ബിജെപി മുതലെടുപ്പ് നടത്തുമോ എന്ന ആശങ്ക ഉയർന്നതോടെയാണ് ഇതിനെതിരെ ജില്ലാ കമ്മിറ്റി രംഗത്തെത്തിയത്. തീരുമാനം അന്തിമമല്ലെന്നും കൂടുതൽ ചർച്ച ചെയ്യാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഇന്നലെ വാർത്താസമ്മേളനത്തിൽ സൂചിപ്പിച്ചിരുന്നു. ജില്ലാ കമ്മിറ്റിയുടെ എതിർപ്പ് മുന്നിൽക്കണ്ടാവാം ഈ പ്രതികരണമെന്നാണ് വിലയിരുത്തൽ.
വെർച്വൽ ക്യൂ വഴി 80,000 ഭക്തർക്കേ അവസരം നൽകൂ എന്നാണ് സർക്കാർ തീരുമാനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഭക്തരെത്തുകയും ഇത് വലിയ സുരക്ഷാ പ്രശ്‌നം സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാം സർക്കാർ എത്തിയത്. എന്നാൽ, പ്രതിപക്ഷ പ്രതിഷേധം ശക്തമാവാനുള്ള സാധ്യത മുന്നിൽക്കണ്ട് തീരുമാനത്തിൽനിന്ന് സർക്കാർ പിന്നോട്ടുപോവുമോ എന്നാണ് അറിയേണ്ടത്.
വെർച്വൽ ക്യൂ ശബരിമലയിലെത്തുന്നവരുടെ ആധികാരിക രേഖയാണെന്നും എന്നാൽ സ്‌പോട്ട് ബുക്കിങ് കേവലം എൻട്രി പാസ് മാത്രമാണെന്നും ദേവസ്വം ബോർഡ് പറഞ്ഞിരുന്നു. ഓരോ വർഷവും സ്‌പോട്ട് ബുക്കിങ് കൂടിവരികയാണെന്നും ഇത് ആശാസ്യകരമല്ലെന്നും ശബരിമല മണ്ഡലകാല തീർഥാടനത്തിനായി 90 ശതമാനം പ്രവൃത്തികളും പൂർത്തിയായതായും ദേവസ്വം അറിയിച്ചിരുന്നു. ശബരിമലയിൽ ദർശന സമയം പുനഃക്രമീകരിക്കുകയും ചെയ്തു. രാവിലെ മൂന്ന് മുതൽ ഒരു മണി വരെയും ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ 11 വരെയുമാണ് പുതിയ സമയം.