'രാജേന്ദ്രകുമാർ തട്ടിപ്പുകാരൻ'; കുട്ടനാട്ടിലെ വിമതര്‍ക്കെതിരെ വിമര്‍ശനവുമായി സി.പി.എം ജില്ലാ സെക്രട്ടറി
ലോക്കൽ സെക്രട്ടറിയായിയിരിക്കെ രാജേന്ദ്രകുമാര്‍ വെട്ടിപ്പു നടത്തിയെന്നാണ് ആരോപണം
ആലപ്പുഴ: കുട്ടനാട്ടിലെ പാര്‍ട്ടി വിമതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍. വിമത നേതാവായ രാമങ്കരി പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാര്‍ തട്ടിപ്പുകാരനെന്ന് ജില്ലാ സെക്രട്ടറി ആരോപിച്ചു. കുട്ടനാട്ടിൽ നടന്ന സി.പി.എമ്മിന്റെ ജനകീയ പ്രതിരോധ യോഗത്തിലാണ് വിമതര്‍ക്കെതിരെ നാസര്‍ പരസ്യവിമര്‍ശനമുയര്‍ത്തിയത്. ലോക്കൽ സെക്രട്ടറിയായിയിരിക്കെ രാജേന്ദ്രകുമാര്‍ വെട്ടിപ്പു നടത്തിയെന്നാണ് ആരോപണം
രാജേന്ദ്രകുമാര്‍ ലോക്കൽ സെക്രട്ടറിയായിരിക്കെ, പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിനായി പണപ്പിരിവ് നടത്തി. ഈ പണപ്പിരിവില്‍ തട്ടിപ്പു നടത്തിയെന്നുമാണ് ആരോപണം ഉന്നയിച്ചത്. ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തുകയും, കമ്മിറ്റിയില്‍ പങ്കെടുക്കാതെയും ലെവി കൊടുക്കാതെയും നില്‍ക്കുന്നയാളാണ് രാജേന്ദ്രകുമാറെന്ന് നാസര്‍ ആരോപിച്ചു. അന്തസ്സുണ്ടെങ്കിൽ രാജേന്ദ്രകുമാർ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണം ആര്‍ നാസര്‍ പറഞ്ഞു.
കുട്ടനാട്ട് നൂറുകണക്കിന് പേര്‍ സിപിഎം വിട്ടു സിപിഐയില്‍ ചേര്‍ന്നു എന്ന വാദം പച്ച കള്ളമാണ്. കൂട്ടരാജി എന്നു വാര്‍ത്ത കൊടുക്കുകയാണ് ചെയ്തതെന്ന് പറഞ്ഞ അദ്ദേഹം പാര്‍ട്ടി വിട്ടു എന്നു പറയുന്ന ആളുകളൊന്നും സിപിഎമ്മില്‍ ഉണ്ടായിരുന്നവരല്ലെന്നും കൂട്ടിച്ചേർത്തു. പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന മൂന്നുപേരെ പുറത്താക്കുകയാണ് ചെയ്തത്. നടപടിയെടുത്തവര്‍ എത്തേണ്ടിടത്ത് എത്തിച്ചേര്‍ന്നു എന്ന് നാസര്‍ പരിഹസിച്ചു. അവസരവാദികളെയാണ് സിപിഎം പുറത്താക്കിയതെന്നും ആർ നാസര്‍ കൂട്ടിച്ചേര്‍ത്തു.