സൗജന്യമായി കപ്പ വിതരണം ചെയ്യാൻ കപ്പതോട്ടം തന്നെ വിലയ്ക്ക് വാങ്ങി സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍
അതും ചെറുതൊന്നുമല്ല. 2000 ചുവട് കപ്പ നിൽക്കുന്ന തോട്ടം തന്നെ വാങ്ങി
കോവിഡ് ദുരിതകാലത്ത് ഭക്ഷണത്തിനായി ദുരിതം അനുഭവിക്കുന്ന നിരവധി പേരുണ്ട് നമുക്കിടയിൽ. അവർക്ക് സഹായം എത്തിക്കുന്നവരും ഉണ്ട്. എന്നാൽ ഒരു പൂ ചോദിച്ചാൽ പൂക്കാലം കൊണ്ടുവരുന്നവരെ കണ്ടിട്ടുണ്ടോ. അങ്ങനെ ചിലരും നമുക്ക് ചുറ്റും ഉണ്ട്.
ലോക്ഡൌണിന് പിന്നാലെ ട്രിപ്പിൾ ലോക് ഡൗൺ കൂടി പ്രഖ്യാപിച്ചതോടെ കടുത്ത ദുരിതത്തിലായവർക്കാണ് ആ സ്നേഹ കൈത്താങ്ങ് ലഭിച്ചത്. പട്ടിണിയിലായവരുടെ ഒരു നേരത്തെ എങ്കിലും വിശപ്പ് അകറ്റാൻ വടക്കൻ പറവൂർ കുന്നുകര വയൽ കരയിലെ സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവർത്തകർ കണ്ടെത്തിയ വഴി ആരെയും അതിശയിപ്പിക്കുന്നതാണ്. സൗജന്യമായി കപ്പ വിതരണം ചെയ്യാൻ കപ്പതോട്ടം തന്നെ വിലയ്ക്ക് വാങ്ങി ഈ മിടുക്കർ. അതും ചെറുതൊന്നുമല്ല. 2000 ചുവട് കപ്പ നിൽക്കുന്ന തോട്ടം തന്നെ വാങ്ങി.
ഞായറാഴ്ച രാവിലെ തന്നെ യുവാക്കളടങ്ങിയ സംഘം തോട്ടത്തിലെത്തി കപ്പ പറിച്ച് വണ്ടിയിലാക്കി. കുന്നുകര പഞ്ചായത്തിലെ 7, 11 ,12 വാർഡുകളിലെ ആയിരത്തോളം വീടുകളിലാണ് കപ്പ വിതരണം ചെയ്ത് ഇവർ മാതൃകയായത്