87 ൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി സി.പി.എം ആർ.എസ്.സുമായി ചര്‍ച്ച നടത്തി: വി.ഡി സതീശന്‍
സി.പി.എം ഇപ്പോൾ എം.വി രാഘവന്റെ ബദൽ രേഖക്കൊപ്പമെന്നും സതീശന്‍
തിരുവനന്തപുരം: 1987 ലെ തെരഞ്ഞെടുപ്പിൽ വോട്ട് കിട്ടാനായി സി.പി.എം, ആർ.എസ്.സ് നേതാക്കളുമായി ചർച്ചനടത്തിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. അന്ന് ഏക സിവിൽ കോഡ് നടപ്പാക്കാനും ശരീഅത്തിനെതിരായും വലിയ പ്രചാരണമാണ് സി.പി.എം നടത്തിയിരുന്നത്. അന്ന് തെരഞ്ഞെടുപ്പിൽ വിജയിക്കാനും ആർ.എസ്.എസിനെ സന്തോഷിപ്പിക്കാനും വേണ്ടിയാണ് ഏകസിവിൽകോഡിനായി പ്രചാരണം നടത്തിയതെന്നും സതീശന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.
'ഇതെല്ലാം രേഖകളിലുള്ള കാര്യമാണ്. ഇപ്പോൾ ഏകസിവില്‍കോഡ് വിഷയത്തില്‍ സി.പി.എം മലക്കം മറിയുകയാണ്. രാഷ്ട്രീയ പാർട്ടികൾ അഭിപ്രായം മാറുന്നത് ആദ്യത്തെ സംഭവമല്ല. എന്നാൽ അന്ന് പാർട്ടിയും ഇ.എം.സും നായനാരും ചെയ്തത് തെറ്റായിരുന്നു. സമരം നടത്തിയതും നിയമസഭയിൽ ഇതിന് വേണ്ടി വാദിച്ചത് തെറ്റായിരുന്നെന്നും ഇപ്പോൾ സത്യം ബോധ്യമായെന്നും പറഞ്ഞിട്ട് വേണം നിലപാട് മാറ്റാൻ. അല്ലാതെ കുളം കലക്കി വല്ലതും കിട്ടുമോയെന്ന പരുന്തിന്റെ ബുദ്ധിയോട് കൂടി സമീപിക്കുകയല്ല സി.പി.എം ചെയ്യേണ്ടത്. സിപിഎം ജനങ്ങളുടെ മുന്നിൽ വഷളായി നിൽക്കുകയാണ്'. സതീശന്‍ പറഞ്ഞു.
മൃദു ഹിന്ദുത്വം കേരളത്തിലാണ് നടക്കുന്നത്. കേസ് പേടിച്ചുള്ള അഡ്ജസ്റ്റ്‌മെന്റാണ് ഇവിടെ നടക്കുന്നത്. അതുകൊണ്ടാണ് കെ.സുരേന്ദ്രനെതിരെ കേസെടുക്കാത്തത്.ഇതൊക്കെ ഇരട്ടത്താപ്പും രാഷ്ട്രീയനേട്ടവും ലക്ഷ്യമാക്കിയുള്ള മലക്കം മറിച്ചിലാണ്. എം.വി രാഘവൻ അവതരിപ്പിച്ച് ബദൽ രേഖയിലാണ് സി.പി.എം ഇപ്പോൾ നിൽക്കുന്നതെന്നും സതീശന്‍ പരിഹസിച്ചു.