സി.പി.എം പ്രതിരോധ ജാഥയ്‍ക്ക് ഇന്ന് അനന്തപുരിയില്‍ സമാപനം
പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന സമാപന സമ്മേളനം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. പുത്തരിക്കണ്ടം മൈതാനിയിൽ വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
'കേന്ദ്ര സർക്കാരിന്‍റെ ജനദ്രോഹനയങ്ങൾക്കും വർഗീയതയ്ക്കുമെതിരെ' എന്ന മുദ്രാവാക്യം ഉയർത്തി ഫെബ്രുവരി 20ന് കാസർകോട്ടുനിന്നാണ് ജനകീയ പ്രതിരോധജാഥയ്ക്ക് തുടക്കമായത്. സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും കടന്നാണ് ജാഥ തലസ്ഥാനത്ത് സമാപിക്കുന്നത്. എം.വി ഗോവിന്ദനു പുറമെ പി.കെ ബിജു, എം. സ്വരാജ്, സി.എസ് സുജാത, കെ.ടി ജലീൽ, ജെയ്ക്ക് സി. തോമസ് എന്നിവരായിരുന്നു മറ്റു ജാഥാംഗങ്ങൾ.
കേന്ദ്രനയങ്ങൾ തുറന്നുകാട്ടുകയായിരുന്നു യാത്രയുടെ ലക്ഷ്യമെങ്കിലും നിരവധി വിവാദങ്ങൾക്ക് എം.വി ഗോവിന്ദനു മറുപടി പറയേണ്ടി വന്നു. ഇ.പി ജയരാജനെതിരെ പി. ജയരാജൻ ഉയർത്തിയ വൈദേകം റിസോർട്ട് വിവാദത്തിൽ തുടങ്ങി സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന സ്വപ്ന സുരേഷിന്‍റെ ആരോപണം വരെ ജാഥയിലുടനീളം നിറഞ്ഞുനിന്നു. ജാഥ അവസാനിക്കുംമുന്‍പ് സ്വപ്ന ഉന്നയിച്ച ആരോപണത്തിൽ വക്കീൽ നോട്ടിസ് അയക്കാൻ കഴിഞ്ഞത് രാഷ്ട്രീയനേട്ടമായാണ് സി.പി.എം വിലയിരുത്തുന്നത്. ഉദ്ഘാടന ചടങ്ങിലും കണ്ണൂരിലെ സ്വീകരണങ്ങളിലും ഇ.പി ജയരാജൻ പങ്കെടുക്കാതിരുന്നതും യാത്രയ്ക്കിടെ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു.
കേന്ദ്രസർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞുവെന്ന ആത്മവിശ്വാസമാണ് ജാഥ സമാപിക്കുമ്പോൾ പാര്‍ട്ടിക്കുള്ളത്. ജാഥയുടെ എല്ലാ ദിവസവും രാവിലെ അതത് മേഖലകളിലെ പൗരപ്രമുഖന്മാരുമായി ജാഥാംഗങ്ങൾ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൽനിന്ന് ഉയർന്നുവന്ന നിർദ്ദേശങ്ങൾ പാർട്ടിയിൽ ചർച്ച ചെയ്ത് സർക്കാരിന്റെ പ്രവർത്തനത്തിലടക്കം വരുത്തേണ്ട മാറ്റങ്ങൾ തീരുമാനിക്കാനാണ് ആലോചന. പാറശ്ശാല, നെയ്യാറ്റിന്‍കര, കോവളം, വട്ടിയൂര്‍ക്കാവ് എന്നിവടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി പുത്തരിക്കണ്ടം മൈതാനിയിൽ വൈകിട്ട് നാലിനാണ് ജാഥ സമാപിക്കുക.
Summary: CPM Janakeeya Prathirodha Jatha, led by the State Secretary MV Govindan to end today in Thiruvananthapuram