കരുനാഗപ്പള്ളിയിൽ ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടതോടെ കൊല്ലത്ത് വിഭാഗീയതക്ക് തടയിടാനാകുമെന്ന പ്രതീക്ഷയിൽ സിപിഎം
ലോക്കൽ കമ്മിറ്റിയിലെ കയ്യാങ്കളിയും പ്രതിഷേധവും ഏരിയ, ജില്ലാ സമ്മേളനങ്ങളിലും ഉണ്ടാകുമോ എന്ന ആശങ്കയാണ് സംസ്ഥാന നേതൃത്വം ഇടപെട്ട് ഇല്ലാതാക്കിയത്.
കൊല്ലം: കരുനാഗപ്പള്ളി സിപിഎം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടതോടെ കൊല്ലത്തെ വിഭാഗീയതക്ക് താത്കാലിക പരിഹാരം ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് നേതൃത്വം. ലോക്കൽ കമ്മിറ്റിയിലെ കയ്യാങ്കളിയും പ്രതിഷേധവും ഏരിയ, ജില്ലാ സമ്മേളനങ്ങളിലും ഉണ്ടാകുമോ എന്ന ആശങ്കയാണ് സംസ്ഥാന നേതൃത്വം ഇടപെട്ട് ഇല്ലാതാക്കിയത്. എം.വി ഗോവിന്ദൻ നേരിട്ടെത്തി അഡ്ഹോക്ക് കമ്മിറ്റിയെ ചുമതലപ്പെടുത്തിയതോടെ വിമതവിഭാഗവും ഏറെക്കുറെ തൃപ്തരാണ്.
വിഭാഗീയത പരസ്യ പ്രതിഷേധത്തിലേക്ക് നയിച്ചതിന് പിന്നാലെയാണ് അടിയന്തര ഇടപെടലുമായി സിപിഎം സംസ്ഥാന നേതൃത്വം രംഗത്തെത്തിയത്. ചുമതലകൾ നിർവഹിക്കുന്നതിൽ വീഴ്ച ഉണ്ടായ വിലയിരുത്തലിൽ കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടു. അഡ്ഹോക് കമ്മിറ്റിയിൽ നിന്നും ഏരിയയിൽ ഉൾപ്പെട്ട സംസ്ഥാന ജില്ലാ നേതാക്കളെ ഒഴിവാക്കി. ഇതിലൂടെ വിഭാഗീയതയ്ക്ക് നേതൃത്വം നൽകുന്നത് ഏത് പ്രമുഖനാണെങ്കിലും നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പാണ് നൽകുന്നത്. ലോക്കൽ കമ്മിറ്റികളിൽ പ്രതീക്ഷിച്ച പ്രാതിനിധ്യം ലഭിക്കാതെ വന്നതോടെ സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി അനുകൂലികൾ ആണ് തെരുവിൽ പ്രതിഷേധിച്ചത്. മറുവശത്ത് ലോക്കൽ സെക്രട്ടറി സ്ഥാനങ്ങൾ ഉൾപ്പെടെ പിടിച്ചെടുത്ത ജില്ലാ കമ്മിറ്റിയംഗം പി.ആർ വസന്തൻ അനുകൂലികളും.
സമ്മേളനം കഴിയുന്നതോടെ ഇരു നേതാക്കളെയും ചുമതലകളിൽ നിന്നും മാറ്റും എന്ന മുന്നറിയിപ്പും പാർട്ടി നൽകിയിട്ടുണ്ട്. 2002ൽ കരുനാഗപ്പള്ളിയിൽ വി.ബി ചെറിയാൻ രൂപീകരിച്ച പാർട്ടിയിലേക്ക് ഏരിയാ കമ്മിറ്റി ഒന്നാകെ പോയ സംഭവം പാർട്ടിക്കു മുന്നിലുണ്ട്. അത്തരത്തിൽ ഒന്നുകൂടി ഉണ്ടാകാതിരിക്കാനാണ് സംസ്ഥാന സെക്രട്ടറി തന്നെ നേരിട്ട് എത്തി നടപടി സ്വീകരിച്ചത്. മുമ്പ് ഒരുതവണ എം.വി ഗോവിന്ദന്റെ നേതൃത്വത്തിൽ ഏരിയാ കമ്മിറ്റി ചേർന്ന് വിഷയം ചർച്ച ചെയ്തിരുന്നെങ്കിലും മാറ്റമുണ്ടായില്ല. കൊല്ലത്ത് നടക്കേണ്ട സംസ്ഥാന സമ്മേളനം കഴിയുന്നതുവരെയെങ്കിലും കരുനാഗപ്പള്ളിയിൽ കാര്യങ്ങൾ ശാന്തമായിരിക്കും എന്നതാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. വിഭാഗീയതയിൽ നടപടി ഉണ്ടായതോടെ, ഇത്തവണ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയിലെ പ്രതിനിധികൾ ആരും ജില്ലാ സമ്മേളനത്തിന് ഉണ്ടാകില്ല എന്നതിൽ പ്രവർത്തകർക്കിടയിൽ അമർഷമുണ്ട്.