പി.ജയരാജനെ ഇത്തവണയും തഴഞ്ഞു; സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇടമില്ല

തുടർച്ചയുണ്ടായ വിവാദങ്ങളും പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തിയുമാണ് ജയരാജന് വിനയായത്

Update: 2025-03-10 01:25 GMT
Editor : Lissy P | By : Web Desk
CPM,KERALA,p jayarajan,cpmstate secretariat,kollam,പി.ജയരാജന്‍,സിപിഎം സംസ്ഥാനസമ്മേളനം2025
AddThis Website Tools
Advertising

കണ്ണൂര്‍: സിപിഎം സംസ്ഥാന സമ്മേളനം സമാപിക്കുമ്പോള്‍ ഇക്കുറിയും സംസ്ഥാന സെക്രട്ടറിയേറ്റില്‍ പി.ജയരാജന് ഇടമില്ല. കഴിഞ്ഞ തവണയും ഇടം നേടാനാവാതെ പോയ ജയരാജന്‍ ഇക്കുറി സെക്രട്ടറിയേറ്റിലുണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. തുടർച്ചയുണ്ടായ വിവാദങ്ങളും പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തിയുമാണ് ജയരാജന് വിനയായത്.

ഒരുകാലത്ത് കണ്ണൂർ സിപിഎമ്മിലെ അവസാന വാക്കായിരുന്നു പി.ജയരാജൻ. വാഴ്ത്തുപാട്ടും വീരാരാധനയും ഒക്കെയായി പി.ജയരാജനെ ഒരു സംഘം കൊണ്ടാടി. ഒടുവിൽ അതുതന്നെ ജയരാജന് വിനയായി. പി.ജയരാജൻ പാർട്ടിക്ക് മേലെ പറക്കുന്നു എന്ന തോന്നൽ ഉണ്ടായതോടെ സംസ്ഥാന നേതൃത്വം ഇടപെട്ടു. വ്യക്തിപൂജയുടെ പേരിൽ ആദ്യം താക്കീത്.

വടകര ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പി.ജയരാജന് തിരികെ എത്തുമ്പോൾ ജില്ലാ സെക്രട്ടറിയുടെ പദവി നൽകിയില്ല. പിന്നീടും വിവാദങ്ങൾ ഏറെയുണ്ടായി. ജയരാജന് സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന മുൻ ജില്ലാ കമ്മിറ്റി അംഗം മനു തോമസിന്റെ ആരോപണം പ്രധാന കാരണം. ജയരാജനെ പ്രതിരോധിക്കാൻ എത്തിയതൊക്കെ സ്വർണക്കടത്ത് കൊട്ടേഷൻ സംഘാംഗങ്ങൾ. മനു തോമസിന്റെ ആരോപണങ്ങളിൽ ജയരാജന്റെ പ്രതികരണം പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ.

ജില്ലാ സമ്മേളനത്തിൽ ജയരാജനെതിരെ പ്രതിനിധികളുടെ രൂക്ഷവിമർശനം ഉയര്‍ന്നു. ജയരാജനെതിരായ പരാതി പാർട്ടി നേതൃത്വം പരിശോധിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി. പി.ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇടം പിടിക്കില്ലെന്ന് അന്നേ ഉറപ്പായിരുന്നു. പാർട്ടിയിൽ പി.ജയരാജനേക്കാൾ ജൂനിയറായ എം.വി ജയരാജൻ ഒടുവിൽ സംസ്ഥാന സെക്രട്ടറിയേറ്റിലേക്കെത്തുകയും ചെയ്തു. ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പി.ജയരാജൻ തിരിച്ചുവരാനും സാധ്യതയില്ല.

അടുത്ത സമ്മേളനക്കാലം ആകുന്നതോടെ പ്രായപരിധി മാനദണ്ഡത്തിന്റെ പേരിൽ പി .ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ നിന്നും ഒഴിവാകും. ഫലത്തിൽ ഇനി സംസ്ഥാന സെക്രട്ടറിയേറ്റിൽ പി.ജയരാജന് ഇടമില്ലെന്ന് അർത്ഥം. പാർട്ടി തീരുമാനത്തിനെതിരെ ജയരാജൻ പരസ്യ പ്രതിഷേധത്തിന് പുറപ്പെടാൻ സാധ്യത ഒട്ടുമില്ല. എന്നാൽ ജയരാജനെ അനുകൂലിക്കുന്ന റെഡ് ആർമി പോലുള്ള സാമൂഹിക മാധ്യമ ഗ്രൂപ്പുകളിൽ പ്രതിഷേധം ഉയരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News