പെരിയ കേസ് പ്രതികൾക്ക് പരസ്യ പിന്തുണയുമായി സിപിഎം; ഒന്നാം പ്രതിയുടെ വീട് സന്ദര്‍ശിച്ച് ജില്ലാ സെക്രട്ടറിയും മുന്‍ എംഎല്‍എയും
പാർട്ടി തള്ളിപ്പറഞ്ഞവരെ ഉൾപ്പെടെയുള്ളവരെയാണ് ജയരാജൻ ഇന്നലെ സന്ദർശിച്ചത്
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ പി.ജയരാജൻ ജയിലിലെത്തി കണ്ടതിന് പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണനും മുൻ എംഎൽഎ കെ.കുഞ്ഞിരാമനും പീതാംബരന്‍റെ വീട്ടിലെത്തി. പാർട്ടി തള്ളിപ്പറഞ്ഞവരെ ഉൾപ്പെടെയുള്ളവരെയാണ് ജയരാജൻ ഇന്നലെ സന്ദർശിച്ചത്.
സിപിഎം. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ, മുൻ എംഎൽഎയും ഇടതുമുന്നണി ജില്ലാ കൺവീനറുമായ കെ.പി.സതീഷ് ചന്ദ്രന്‍, ഉദുമ എംഎൽഎയും സംസ്ഥാന കമ്മിറ്റിയംഗവുമായ സി.എച്ച്.കുഞ്ഞമ്പു, തൃക്കരിപ്പൂർ എംഎൽഎ. എം.രാജഗോപാലൻ, എംഎൽഎ കെ.കുഞ്ഞിരാമൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്ണൻ, സിപിഎം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി അഡ്വ.കെ.രാജ്മോഹൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയും സിപിഎം. ജില്ലാ സെക്രട്ടറിയേറ്റംഗവുമായ എം.സുമതി, സിപിഎം. പെരിയ ലോക്കൽ മുൻ സെക്രട്ടറി എൻ.ബാലകൃഷ്ണൻ എന്നിവരാണ് വീടുകളിലെത്തിയത്.
കുറ്റക്കാർക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കാനാണ് ജയിൽ മാറ്റമെന്ന് ശരത് ലാലിന്‍റെ പിതാവ് സത്യനാരായണൻ ആരോപിച്ചു. പ്രതികളെയും കുടുംബങ്ങളെയും സന്ദർശിച്ചത് കൂടെ ഉണ്ടെന്ന സന്ദേശം കൈമാറാനാണ്. ജില്ലാ സെക്രട്ടറി എംഎൽഎമാർ തുടങ്ങിയ ഉത്തരവാദിത്തപ്പെട്ടവരാണ് പ്രതികളുടെ വീട് സന്ദർശിച്ചത്. ഇനിയും കൊലപാതകം നടത്താനുള്ള ധൈര്യം പകരുകയാണ് ലക്ഷ്യമെന്നും സത്യനാരായണൻ മീഡിയവണിനോട് പറഞ്ഞു.
അതേസമയം പെരിയ ഇരട്ടക്കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടവരിൽ നിരപരാധികളും ഉണ്ടെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജൻ പറഞ്ഞു. കുഞ്ഞിരാമനെ പോലെയുള്ളവർ നിരപരാധികൾ ആണെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്. കുഞ്ഞിരാമനെ ബോധപൂർവം കേസിൽ പെടുത്തിയതാണ്.ജയിൽ ഉപദേശക സമിതി അംഗത്തിന് എപ്പോഴും ജയിലിൽ പോയി സന്ദർശനം നടത്താമെന്നും അദ്ദേഹം വ്യക്തമാക്കിി. കണ്ണൂർ ജയിലിലെത്തി പി.ജയരാജൻ പ്രതികളെ കണ്ടതിലാണ് ഇ.പിയുടെ പ്രതികരണം.
എന്നാല്‍ കൊലപാതകത്തിലെ ഗൂഢാലോചനയിൽ പി.ജയരാജന്‍റെ പങ്ക് ഇന്നലത്തോടെ തെളിഞ്ഞെന്ന് കെ.മുരളീധരൻ പറഞ്ഞു. പി.ജയരാജന്‍റെ ജയിൽ സന്ദർശനം ചട്ട ലംഘനമാണ്. സിപിഎം ആണെങ്കിൽ എന്തും ചെയ്യാമെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കല്യോട്ടേ സ്മൃതിമണ്ഡപം സന്ദർശിച്ചതിന് ശേഷമായിരുന്നു പ്രതികരണം.