ബി.ജെ.പി നേതാക്കളുടെ അരമന യാത്രകൾ അങ്ങേയറ്റം പരിഹാസ്യം: സി.പി.എം
'കേരള ജനത ഈ നാടകങ്ങളെ അവജ്ഞയോടെ തള്ളിക്കളയും'
തിരുവനന്തപുരം: ബി.ജെ.പി നേതാക്കളുടെ ക്രൈസ്തവ സഭാ സന്ദർശനത്തെ വിമർശിച്ച് സി.പി.എം. ന്യൂനപക്ഷ വിഭാഗങ്ങളെ ആന്തരിക ഭീഷണിയായിട്ടാണ് സംഘപരിവാർ പ്രഖ്യാപിച്ചിട്ടുള്ളത്. അവരെ കൂടെ നിർത്താനുള്ള പ്രവർത്തനങ്ങൾ അങ്ങേയറ്റം പരിഹാസ്യമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.
സംഘ്പരിവാറിന്റെ രാഷ്ട്രീയ നിലപാടുകൾ ആപത്ക്കരമാണെന്ന് തിരിച്ചറിഞ്ഞ് ക്രിസ്ത്യൻ ന്യൂനപക്ഷ ജനവിഭാഗങ്ങൾ തന്നെ പ്രക്ഷോഭരംഗത്ത് ഇറങ്ങിയിട്ട് ദിവസങ്ങളായിട്ടെയുള്ളൂ. പല സംസ്ഥാനങ്ങളിലും പ്രതിപക്ഷ നേതാക്കളെ തങ്ങളുടെ വരുതിയിൽ കൊണ്ടുവരാൻ സംഘപരിവാർ ഉപയോഗിച്ച ഭീഷണിയും പ്രലോഭനവും ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളോടും ആരംഭിച്ചിരിക്കുകയാണ്. അരമനകൾ തോറുമുള്ള ബി.ജെ.പി നേതാക്കളുടെ യാത്രകൾ ഇതിന് അടിവരയിടുന്നതാണ്. ശക്തമായ മതനിരപേക്ഷ കാഴ്ചപ്പാടുള്ള കേരള ജനത ഈ നാടങ്ങളെ അവജ്ഞയോടെ തള്ളിക്കളയുമെന്നും സി.പി.എം വാർത്താക്കുറിപ്പിൽ പറയുന്നു.