'എംടിയുടെ വിമർശനത്തിൽ പുതുമയില്ല'; വിവാദത്തിൽ കക്ഷിചേരേണ്ട കാര്യമില്ലെന്ന് സിപിഎം
20 വർഷം മുൻപെഴുതിയ ലേഖനത്തിൽ ഇതേ കാര്യം മുൻപും എംടി പരാമർശിച്ചിട്ടുണ്ടെന്നും സിപിഎം
തിരുവനന്തപുരം: കേരള ലിറ്ററേച്ചർ ഫെസ്റ്റിനിടെ പിണറായി വിജയനെ വേദിയിലിരുത്തി എംടി നടത്തിയ വിമർശനത്തിൽ പുതുമയില്ലെന്ന് വിലയിരുത്തി സിപിഎം. ഇഎംഎസിനെ അനുസ്മരിച്ച് വർഷങ്ങൾക്ക് മുൻപെഴുതിയ ലേഖനത്തിൽ ഇതേ കാര്യം മുൻപും എംടി പരാമർശിച്ചിട്ടുണ്ടെന്നും വിവാദത്തിൽ കക്ഷിചേരേണ്ട കാര്യമില്ലെന്നും സിപിഎം വിലയിരുത്തി..
രാഷ്ട്രീയത്തിൽ വലിയ പ്രകമ്പനമാണ് എംടിയുടെ വാക്കുകൾ ഉണ്ടാക്കിയത്. വിമർശന സ്വഭാവത്തിലേക്ക് പരാമർശം കടക്കുകയും ചെയ്തു. മുഖ്യമന്ത്രിക്കെതിരെയുള്ള വിമർശനമായാണ് പ്രതിപക്ഷം പരാമർശത്തെ കണ്ടത്. എംടിയുടേത് കേന്ദ്രത്തിനെതിരായ വിമർശനമെന്നായിരുന്നു ഇപി ജയരാജന്റെ പ്രതികരണം. എന്നാൽ വിഷയം ചർച്ച ചെയ്ത സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് മറ്റൊരു തലത്തിലേക്കാണ് എത്തിയിരിക്കുന്നത്.
എംടി നേരത്തേയും ഇക്കാര്യം എഴുതിയിട്ടുണ്ടെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. 20 വർഷം മുമ്പുള്ള ഒരു ലേഖനത്തിലെ പ്രസക്ത ഭാഗങ്ങളാണ് എംടി വായിച്ചതെന്നും അതുകൊണ്ടു തന്നെ വിവാദത്തിൽ കക്ഷി ചേരേണ്ട കാര്യമില്ലെന്നും സിപിഎം നിലപാടെടുത്തു.
അധികാരം എന്നാൽ ആധിപത്യമോ, സർവാധിപത്യമോ ആയി മാറിയെന്നായിരുന്നു എം.ടി വാസുദേവൻ നായർ കേരള ലിറ്ററേച്ചർ ഫെസ്റ്റ് ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി പ്രസംഗിച്ചത്. അധികാരം ജനസേവനത്തിന് എന്ന സിദ്ധാന്തം കുഴിച്ചു മൂടി എന്നും ഭരണാധികാരി നൽകുന്ന ഔദാര്യമല്ല സ്വാതന്ത്ര്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.