ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്കെതിരെ നാളെ സി.പി.എമ്മിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം
ഇന്ത്യാ ഗവൺമെന്റിന്റെ ഇസ്രായേൽ അനുകൂല നിലപാടിൽ പ്രതിഷേധിച്ച് ഡൽഹിയിൽ പി.ബി അംഗങ്ങളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉൾപ്പടെയുള്ളവർ സത്യഗ്രഹം നടത്തും.
തിരുവനന്തപുരം: ഇസ്രായേൽ ഗസ്സയിൽ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയിലും, അധിനിവേശത്തിലും പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സി.പി.എം. ഇസ്രായേൽ സൈന്യം ഗസ്സക്കെതിരായി കര വഴിയുള്ള കടന്നുകയറ്റം ആരംഭിച്ചിരിക്കുകയാണ്. ഈ പടനീക്കങ്ങളുടെ ഫലമായി 5000ത്തിലധികം പേർ ഇതിനകം മരിച്ചുകഴിഞ്ഞു. ആശുപത്രികൾ, വിദ്യാലയങ്ങൾ, ക്രിസ്ത്യൻ ദേവാലയങ്ങൾ, മനുഷ്യരുടെ എല്ലാവിധ അഭയ കേന്ദ്രങ്ങളും അതിശക്തമായ ബോംബിങ്ങിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഗസ്സയെ ഇടിച്ചു നിരപ്പാക്കി ജനങ്ങളെ നാടു കടത്തിയും, കൊലപ്പെടുത്തിയും ആ പ്രദേശത്തെ ഇസ്രായേലിനോട് ചേർക്കാനുള്ള പദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഫലസ്തീനികൾക്ക് അവരുടെ ജന്മനാടിന് മുകളിലുള്ള അവകാശത്തേയാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
സാമ്രാജ്യത്വ പിന്തുണയോടെ നടത്തുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ എല്ലാ കാലവും പ്രതിഷേധിക്കുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഇസ്രായേലുമായി നയതന്ത്ര ബന്ധം പോലുമില്ലാത്ത നിലപാടായിരുന്നു ഇന്ത്യയ്ക്കുണ്ടായിരുന്നത്. യു.എന്നിൽ ഫലസ്തീനുവേണ്ടി ശക്തമായ നിലപാടായിരുന്നു ഇന്ത്യ സ്വീകരിച്ചത്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി സാമ്രാജ്യത്വ ഗൂഢാലോചനക്ക് കൂട്ടുപിടിക്കുകയാണ് ഇന്ത്യ ഇപ്പോൾ ചെയ്യുന്നത്. അമേരിക്കയുടേയും, ഇസ്രയേലിന്റേയും കൂടെച്ചേർന്ന് ഇന്ത്യ മുന്നോട്ടുപോകുകയാണ്. ഈ നിലപാടിനെതിരേയും ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്.
ഗസ്സയിലെ ഈ സ്ഥിതിവിശേഷത്തിൽ ഇന്ത്യാ ഗവൺമെന്റ് സ്വീകരിക്കുന്ന തെറ്റായ നടപടികൾക്കെതിരേയും ഡൽഹിയിൽ നാളെ 11ന് പാർട്ടി പി.ബി അംഗങ്ങളും, കേന്ദ്ര കമ്മിറ്റി അംഗങ്ങളുൾപ്പെടെയുള്ളവർ സത്യഗ്രഹ സമരം നടത്തും. ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ടു വരണമൈന്നും സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.