ചിന്നക്കനാലിലെ അധിക ഭൂമി തിരിച്ച് നല്‍കാൻ മാത്യു കുഴല്‍നാടൻ തയ്യാറാകണമെന്ന് സി.പി.എം
സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് ഭൂരഹിതരായ ആളുകള്‍ക്ക് നല്‍കണമെന്നും ഇല്ലെങ്കില്‍ സി.പി.എം ഭൂമി പിടിച്ചെടുക്കുമെന്നും വർഗീസ് പറഞ്ഞു
ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ കൈവശമുള്ള അധിക ഭൂമി തിരിച്ച് നല്‍കാൻ മാത്യു കുഴല്‍നാടൻ തയ്യാറാകണമെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ്. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് ഭൂരഹിതരായ ആളുകള്‍ക്ക് നല്‍കണമെന്നും ഇല്ലെങ്കില്‍ സി.പി.എം ഭൂമി പിടിച്ചെടുക്കുമെന്നും വർഗീസ് പറഞ്ഞു.
ചിന്നക്കനാലിൽ മാത്യുവിൻ്റെ ഉടമസ്ഥതയിലുള്ള 1 ഏക്കർ 23 സെന്‍റ് ഭൂമിക്ക് പുറമെ 50 സെൻ്റ് സർക്കാർ ഭൂമി കൈവശം വെച്ചിട്ടുണ്ടെന്നായിരുന്നു വിജിലൻസിൻ്റെ കണ്ടെത്തൽ. റവന്യൂ വകുപ്പ് ഇത് ശരി വെച്ചതോടെ മാത്യുവിനെതിരെ കേസെടുത്തു. പിന്നാലെയാണ് സി.പി.എം. പ്രതിഷേധം കടുപ്പിച്ചത്. കൈവശം വച്ചിരിക്കുന്ന അധിക ഭൂമി തിരിച്ച് കൊടുക്കാനുള്ള ധാർമികത മാത്യു കുഴൽ നാടൻ കാട്ടിയില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ഭൂമി പിടിച്ചെടുക്കുമെന്നായിരുന്നു സി.വി.വർഗീസിൻ്റെ മുന്നറിയിപ്പ്. വക്കീല്‍ ജോലിക്കിടയില്‍ സമാന്തര ബിസിനസ് നടത്തരുതെന്ന ചട്ടം കുഴല്‍നാടന്‍ ലംഘിച്ചെന്നും വിദേശത്ത് കമ്പനികളുള്ള കുഴല്‍നാടന്‍ പണത്തിൻ്റെ ഉറവിടം വ്യക്തമാക്കണമെന്ന ആവശ്യവും വർഗീസ് ഉന്നയിച്ചു.
എൻ.ഒ.സിയില്ലാതെ റോഡ് പുറമ്പോക്ക് കയ്യേറി ശാന്തൻപാറയിലെ പാർട്ടി ഓഫീസ് നിർമിച്ചെന്ന റവന്യൂ വകുപ്പിൻ്റെ കണ്ടെത്തലിനെ തുടർന്ന് പാർട്ടി നേതൃത്വം ഇടപെട്ട് സംരക്ഷണഭിത്തി പൊളിച്ച് നീക്കിയിരുന്നു. സി.പി.എം കാണിച്ച മാന്യത മാത്യു കുഴൽനാടൻ കാണിക്കുമോയെന്ന ചോദ്യത്തിലൂടെ രാഷ്ട്രീയ പോരാട്ടത്തിന് മൂർച്ച കൂടുമെന്ന സൂചനയും സി.പി.എം നൽകുന്നുണ്ട്.