പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ആരംഭിച്ച് സി.പി.എം; ജെയ്ക്ക് സി.തോമസിനോട് സജീവമാകാന്‍ നിർദേശം

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം 9044 ൽ ഒതുക്കാൻ ജെയ്ക്കിനു കഴിഞ്ഞത് വലിയ നേട്ടമായിട്ടാണ് സി.പി.എം കാണുന്നത്

Update: 2023-08-03 01:09 GMT
Editor : Lissy P | By : Web Desk
Advertising

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ആരംഭിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾക്ക് പുതുപ്പള്ളിയിലെ പഞ്ചായത്തുകളുടെ ചുമതല വീതം വച്ചു നൽകി. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സംസ്ഥാന കമ്മിറ്റി അംഗങ്ങളും പ്രവർത്തിക്കും. സ്ഥാനാർഥിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ജെയ്ക്ക് സി.തോമസിനോട് മണർകാട് കേന്ദ്രീകരിക്കാനാണ് നിർദേശം നൽകിയത്.

 പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സി.പി.എം അതിനിർണയകമായിട്ടാണ് കാണുന്നത്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് ചുമതലകൾ നൽകി പ്രവർത്തനങ്ങളിലേക്ക് നീങ്ങാൻ പാർട്ടി തീരുമാനമെടുത്തത്. പുതുപ്പള്ളിയിൽ എട്ടു പഞ്ചായത്തുകളുണ്ട്. ആറിടത്തും ഭരണം ഇടതു മുന്നണിക്കാണ്. പുതുപ്പള്ളിയോടുള്ള സി.പി.എമ്മിൻ്റെ മോഹം കൂട്ടാൻ പ്രധാന കാരണം ഈ കണക്കുകൾ തന്നെയാണ്. എന്നാൽ ഉമ്മൻ ചാണ്ടി എന്ന സഹതാപ തരംഗം ആഞ്ഞടിച്ചാൽ ഈ കണക്കുകൾ കൊണ്ട് ഒരു കാര്യവും ഇല്ലെന്ന് സി.പി.എമ്മിന് നന്നായി അറിയാം. അതുണ്ടാകാതിരിക്കാൻ തന്ത്രങ്ങൾ വേഗത്തിൽ മെനയുകയാണ് സി.പി.എം . ഒപ്പം സംഘടനാപരമായി കൂടുതൽ ശക്തമാകാനുള്ള ശ്രമങ്ങളും തുടങ്ങി.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾക്കും സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്കും മണ്ഡലത്തിലെ പഞ്ചായത്തുകളുടെ ചുമതല വിഭജിച്ചു നൽകി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ.ബിജുവിനാണ് വാകത്താനം പഞ്ചായത്തിന്റെ ചുമതല. കെ.കെ.ജയചന്ദ്രന് പാമ്പാടി, മീനടം പഞ്ചായത്തുകളുടെ ചുമതലയാണ്. സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ് കെ.ജെ.തോമസ് അകലക്കുന്നം, അയർകുന്നം പഞ്ചായത്തുകളുടെ പ്രവർത്തനം ഏകോപിപ്പിക്കും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.അനിൽകുമാറിന് മണർകാട്, പുതുപ്പള്ളി പഞ്ചായത്തുകളുടെയും എ.വി.റസലിന് കൂരോപ്പട പഞ്ചായത്തിന്റെയും ചുമതല നൽകി.ജില്ലാ കമ്മിറ്റി അംഗങ്ങൾക്കും പഞ്ചായത്തുകളുടെ ചുമതലയുണ്ട്.

തെരഞ്ഞെടുപ്പ് പ്രവർത്തനം വിശകലനം ചെയ്യാൻ പഞ്ചായത്തുകളിൽ ബ്രാഞ്ചുകൾ ചേരും. രണ്ടാഴ്ചയ്ക്കുശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പങ്കെടുക്കുന്ന യോഗത്തിൽ സംസ്ഥാന നേതാക്കളും ബ്രാഞ്ച് തലം മുതൽ മുകളിലേക്കുള്ള നേതാക്കളും പങ്കെടുക്കും. ഇത്തവണയും ജെയ്ക്ക് സി.തോമസ് തന്നെ സ്ഥാനാർഥിയാകാനാണ് സാധ്യത. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം 9044 ൽ ഒതുക്കാൻ ജെയ്ക്കിനു കഴിഞ്ഞത് വലിയ നേട്ടമായിട്ടാണ് സിപിഎം കാണുന്നത്

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News