എഐ കാമറാ വിവാദം കത്തിനിൽക്കെ സി.പി.എം സംസ്ഥാന കമ്മിറ്റി ഇന്ന്
ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലും വിവാദം മുഖ്യമന്ത്രി പരാമർശിച്ചില്ല
തിരുവനന്തപുരം: എഐ ക്യാമറ അഴിമതി ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൗനം തുടരുന്നതിനിടെ സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം ഇന്നും നാളെയുമായി നടക്കും. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലും വിവാദം മുഖ്യമന്ത്രി പരാമർശിച്ചില്ല. ഇന്ന് സംസ്ഥാന കമ്മിറ്റിക്ക് മുന്നോടിയായി സെക്രട്ടേറിയറ്റ് യോഗം ചേരാൻ സാധ്യതയുണ്ട്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോൽവി അടക്കമുള്ള സംഘടനാ വിഷയങ്ങളിലെ അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകളും സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്തേക്കും.ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചർച്ചയാകും. ഇന്നലെ നടന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലും എഐ ക്യാമറ അഴിമതി ആരോപണം ചർച്ച ചെയ്തില്ല. വിവിധ കമ്മീഷൻ റിപ്പോർട്ടുകൾ സെക്രട്ടറിയേറ്റിന്‍റെ പരിഗണനക്ക് വന്നു. തൃക്കാക്കര ഉപതരഞ്ഞെടുപ്പിലെയടക്കം കമ്മീഷൻ റിപ്പോർട്ടുകൾ പരിഗണനക്ക് വന്നെന്നാണ് സൂചന.അതേസമയം എ.ഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിയെ ന്യായീകരിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ രംഗത്തെത്തി. അന്വേഷണം നടക്കുന്നതിനാലാണ് മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്നും പരാതി കൊടുക്കേണ്ടവർക്ക് പരാതി കൊടുക്കാമെന്നും എ.കെ ബാലൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.