പി.പി ദിവ്യക്കെതിരെ ധൃതിപിടിച്ച് നടപടി വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്

മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം വന്നശേഷം മാത്രം തുടർനടപടി

Update: 2024-10-26 09:42 GMT
Advertising

തിരുവനന്തപുരം: കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരായ സിപിഎമ്മിന്റെ തുടർ നടപടി മുൻകൂർ ജാമ്യേപേക്ഷയിൽ തീരുമാനം വന്നശേഷം മാത്രം. കേസ് നിയമപരമായി തന്നെ മുന്നോട്ട് പോകട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാൻ യോഗം തീരുമാനിച്ചു. അതേസമയം, തോമസ് കെ. തോമസിനെതിരെ ഉയർന്ന കോഴ വിവാദം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച ചെയ്തില്ല.

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പി.പി ദിവ്യ അറസ്റ്റിന് വഴങ്ങില്ലെന്ന് സൂചനയുണ്ട്. ഇരിണാവിലെ വീട്ടിൽനിന്ന് ദിവ്യ രഹസ്യ കേന്ദ്രത്തിലേക്ക് മാറി. ഇന്ന് രാവിലെ വീട്ടിൽ എത്തിയ ശേഷമാണ് മറ്റൊരിടത്തേക്ക് ഇവർ മാറിയത്. അന്വേഷണസംഘത്തിന് മുന്നിൽ 29 വരെ ഹാജരാകില്ലെന്ന് പി.പി ദിവ്യയുമായി അടുത്ത കേന്ദ്രങ്ങൾ വ്യക്തമാക്കി. ജാമ്യാപേക്ഷയിൽ വിധി വന്നശേഷമായിരിക്കും ദിവ്യ പൊലീസിന് മുന്നിൽ എത്തുകയെന്നാണ് സൂചന.

അതേസമയം, പി.പി ദിവ്യയുടെ അറസ്റ്റിന് നീക്കം നടത്തുന്നതിന്റെ ഭാ​ഗമായി പ്രത്യേക അന്വേഷണ സംഘം കണ്ണൂർ ഡിഐജി ഓഫീസിൽ യോഗം ചേരുമെന്ന റിപ്പോർട്ടുകളുണ്ട്. നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ കേസെടുത്തിരിക്കുന്നത്. നവീൻ ബാബുവിന്‍റെ മരണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ കഴിഞ്ഞ ദിവസം നിയോ​ഗിച്ചിരുന്നു. കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. കണ്ണൂർ റേഞ്ച് ഡിഐജിയാണ് അന്വേഷണത്തിന്‍റെ മേൽനോട്ടം വഹിക്കുന്നത്.

അതിനിടെ നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും എന്ന് ആവർത്തിച്ച് റവന്യൂ മന്ത്രി കെ. രാജൻ ഇന്നും രംഗത്തെത്തി. രാവിലെ കലക്ടറേറ്റിൽ നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ പ്രതിഷേധങ്ങൾക്കൊടുവിൽ ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന പ്രമേയം പാസാക്കി. ദിവ്യക്കെതിരെ നടപടി സ്വീകരിക്കേണ്ടത് കണ്ണൂരിലെ പാർട്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ പ്രതികരിച്ചു.

പെട്രോൾ പമ്പിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് 91,500 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു നവീൻ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിൽ അദ്ദേഹത്തിനെതിരെ ദിവ്യ ഉന്നയിച്ച ആരോപണം. പിന്നാലെയാണ് നവീൻ ബാബുവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News