ചിന്താ ജെറോമിനെതിരായ കെ.സുരേന്ദ്രന്‍റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം

സുരേന്ദ്രന്‍റേത് സംസ്‌കാര രാഹിത്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Update: 2023-02-10 03:13 GMT

BJP State President K. Surendran

Advertising

തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരായ കെ.സുരേന്ദ്രന്‍റെ അധിക്ഷേപ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി സി.പി.എം. സുരേന്ദ്രന്റേത് സംസ്‌കാര രാഹിത്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരാമർശം നിന്ദ്യവും മ്ലേച്ഛവുമാണെന്ന് എന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി കുറ്റപ്പെടുത്തി.

ചിന്തയെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പരാമർശത്തിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. കെ സുരേന്ദ്രന്റെത് ജീർണിച്ച സംസ്‌കാരമെന്ന് പറഞ്ഞ പി.കെ ശ്രീമതി, പരാമർശം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. അതേ നാണയത്തിൽ മറുപടി പറയുന്നില്ലെന്നായിരുന്നു ചിന്താ ജെറോമിന്റെ പ്രതികരണം. പരാമർശം പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് മഹിളാ അസോസിയേഷനും അറിയിച്ചു.

ചിന്തയെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണമെന്നും അൺപാർലമെന്‍ററിയായ കാര്യങ്ങളാണ് ചിന്ത ചെയ്യുന്നതെന്നുമാണ് കെ സുരേന്ദ്രൻ പറഞ്ഞത്. കൊല്ലത്ത് ഫോര്‍ സ്റ്റാർ ഹോട്ടലിൽ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വര്‍ഷം താമസിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചതിന് പിന്നാലെയായിരുന്നു സുരേന്ദ്രന്‍റെ പരാമര്‍ശം.

8500 രൂപ ശരാശരി ദിവസ വാടക വരുന്ന അപാർട്മെന്‍റാണിതെന്നും ഇത്രയും പണം യുവജന കമ്മീഷൻ അധ്യക്ഷക്ക് എങ്ങനെ കിട്ടിയെന്നും ചിന്തയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം വിജിലൻസിനും എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിലും പരാതി നൽകുകയും ചെയ്തു. പിന്നാലെ അമ്മയുടെ ചികിത്സയ്ക്കായാണ് അപാര്‍ട്മെന്‍റില്‍ താമസിച്ചതെന്നും 20,000 രൂപയായിരുന്നു മാസവാടകയെന്നും ചിന്ത വിശദീകരിച്ചു.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News