തിരുത്തുമോ സി.പി.എം? കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന്
കരുവന്നൂർ സഹകരണ ബാങ്കിലെ അഴിമതി സംസ്ഥാന തലത്തിൽ തന്നെ ചർച്ചയായതോടെ പ്രതിരോധത്തിലായിരിക്കുകയാണ് സി.പി.എം ജില്ലാ നേതൃത്വം
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ഉണ്ടാക്കിയ പ്രതിസന്ധിക്കിടെ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് ചേരും. സംഭവത്തിൽ കൂടുതൽ പാർട്ടി അംഗങ്ങൾക്ക് നേരെ നടപടിയുണ്ടായേക്കും. അതേ സമയം വിഷയം കൂടുതൽ ചർച്ചയാക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി.
കരുവന്നൂർ സഹകരണ ബാങ്കിലെ അഴിമതി സംസ്ഥാന തലത്തിൽ തന്നെ ചർച്ചയായതോടെ പ്രതിരോധത്തിലായിരിക്കുകയാണ് സി.പി.എം ജില്ലാ നേതൃത്വം. പ്രതിപക്ഷ പാർട്ടികൾ എ.സി മൊയ്ദീൻ അടക്കമുള്ള ജില്ല, സംസ്ഥാന നേതാക്കൾക്കെതിരെ ആരോപണം ഉന്നയിച്ചതോടെ നടപടികൾ വേഗത്തിലക്കാൻ ജില്ലാ നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഇന്ന് ചേരുന്ന ജില്ല സെക്രട്ടറിയേറ്റിലെ പ്രധാന ചർച്ച വിഷയം ബാങ്ക് അഴിമതിയായിരിക്കും.
നിലവിൽ കേസിലെ പ്രതികൾ ഉൾപ്പടെ 12 പേരോട് പാർട്ടി വിശദീകരണം തേടിയിട്ടുണ്ട്. സി.പി.എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബാങ്ക് സെക്രട്ടറി സുനിൽ കുമാർ, ബ്രാഞ്ച് മാനേജർ ബിജു കരീം എന്നിവർക്ക് പുറമെ മറ്റ് ചില നേതാക്കൾക്കെതിരെയും നടപടി വന്നേക്കും. കൊടകര കുഴൽപ്പണകേസ് ഉണ്ടാക്കിയ മാനക്കേട് മറികടക്കാനുള്ള ആയുധമായാണ് കരുവന്നൂർ ബാങ്ക് തട്ടിപ്പിനെ ബി.ജെ.പി കാണുന്നത്. സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ തന്നെ വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നു കഴിഞ്ഞു. ഇന്ന് വൈകുനേരം കരുവന്നൂർ മേഖലയിൽ സുരേന്ദ്രൻ സന്ദർശനം നടത്തും.