'ലീഗ് നേതാക്കളുടെ പ്രതികരണം തുറന്ന മനസോടെ സ്വാഗതം ചെയ്യുന്നു'; ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ലീഗിനെ ക്ഷണിക്കുമെന്ന് സി.പി.എം
റാലിയിൽ സമസ്താ നേതാവ് ഉമർ ഫൈസി, കാന്തപുരം വിഭാഗം നേതാവ് മുഹമ്മദ് ഫൈസി, ഫസൽ ഗഫൂർ, ഹുസൈൻ മടവൂർ എന്നിവർ പങ്കെടുക്കും
കോഴിക്കോട്: സി.പി.എമ്മിന്‍റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ലീഗിനെ ക്ഷണിക്കുമെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി. മുസ്‍ലിം ലീഗ് നേതാക്കളുടെ പ്രതികരണം തുറന്ന മനസോടെ സ്വാഗതം ചെയ്യുന്നെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്റർ പറഞ്ഞു.
ഏക സിവിൽ കോഡ് വിഷയത്തിൽ മുസ്‍ലിം ലീഗ് അവരുടെ പ്രയാസം അറിയിച്ചിരുന്നു. അത് തങ്ങൾക്ക് മനസിലാകും. അവർക്ക് ഒരു പ്രയാസം ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് തങ്ങൾ ക്ഷണിക്കാതിരുന്നതെന്നും ഇന്ന് മുസ്‍ലിം ലീഗിന്റെ പ്രതികരണം വന്നിരിക്കുന്നു. അതിനാൽ തങ്ങള്‍ ഔദ്യോഗികമായി ലീഗിനെ ക്ഷണിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'യുദ്ധ മര്യാദകൾ കാറ്റിൽ പറത്തി അമേരിക്കയുടെ പിന്തുണയോടെ ക്രൂരമായ ആക്രമണമാണ് ഇസ്രായേൽ നടത്തുന്നത്. ആർക്കാണ് ഇസ്രായേലിന്റെ നടപടികളെ ന്യായീകരിക്കാൻ കഴിയുക. ഇസ്രായേലിന്റെ അധിനിവേശത്തിൽ പൊറുതിമുട്ടിയുണ്ടായ പ്രത്യാക്രമണമായി തന്നെയാണ് ഒക്ടോബർ എഴിന് ഹമാസ് നടത്തിയ ആക്രമണത്തെ കാണുന്നത്. എന്നാൽ ആളുകൾ കൊല്ലപ്പെട്ടതിനെ ന്യായീകരിക്കാൻ ലീഗും തയാറാകില്ല എന്നാണ് കരുതുന്നത്'-പി.മോഹനൻ മാസ്റ്റർ.
പരിപാടിയിലേക്ക് കോൺഗ്രസിനെ ക്ഷണിക്കുമോ എന്ന ചോദ്യത്തിന് കോൺഗ്രസിന്റെ മുൻ നിലപാടിൽ നിന്നും കോൺഗ്രസ് വ്യതിചലിച്ചിട്ടുണ്ടെന്നും കോൺഗ്രസിന്റെ നിലപാട് നമ്മൾ കണ്ടതല്ലേ എന്നുമായിരുന്നു മറുപടി. കോൺഗ്രസിന്റേത് സങ്കുചിത നിലപാടാണെന്നും, ശശി തരൂരിന്റേത് പോലുള്ള നിലപാടല്ല തങ്ങൾക്കെന്നും അദ്ദേഹം പ്രതികരിച്ചു.
റാലിയിൽ സമസ്ത നേതാവ് ഉമർ ഫൈസി, കാന്തപുരം വിഭാഗം നേതാവ് മുഹമ്മദ് ഫൈസി, ഫസൽ ഗഫൂർ, ഹുസൈൻ മടവൂർ എന്നിവർ പങ്കെടുക്കും.