ഡി.വൈ.എഫ്.ഐ കൊടി നാട്ടിയ വീടിന്‍റെ നിർമ്മാണം സി.പി.എം വീണ്ടും തടഞ്ഞു
രണ്ട് മാസം മുൻപായിരുന്നു നിർമ്മാണത്തിലിരിക്കുന്ന വീടിന്‍റെ തറ പൊളിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊടി നാട്ടിയത്.
നിർമാണത്തിലുള്ള വീടിന്‍റെ തറ പൊളിച്ച് ഡി.വൈ.എഫ്.ഐ കൊടി നാട്ടിയെന്ന് പരാതി ഉയർന്ന വീടിന്‍റെ നിർമ്മാണം സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിൽ വീണ്ടും തടഞ്ഞു. തെരഞ്ഞെടുപ്പിനു പിരിവു നൽകാൻ വൈകിയതിന്‍റെ വൈരാഗ്യത്തിൽ നിർമാണത്തിലുള്ള വീടിന്‍റെ തറ പൊളിച്ച് ഡി.വൈ.എഫ്.ഐ കൊടി നാട്ടിയെന്നായിരുന്നു പരാതി. കാഞ്ഞങ്ങാട് ഇട്ടമ്മലിലെ വി.എം റാസിഖിന്‍റെ വീട് നിർമ്മാണമാണ് സി.പി.എം പ്രവർത്തകർ വീണ്ടും തടഞ്ഞത്.
രണ്ട് മാസം മുൻപായിരുന്നു നിർമ്മാണത്തിലിരിക്കുന്ന വീടിന്‍റെ തറ പൊളിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊടി നാട്ടിയത്. ഇത് വിവാദമായതോടെ വയലിൽ വീട് നിർമിക്കുന്നതിനെതിരെയാണ് പ്രതിഷേധമെന്നായിരുന്നു ഡി.വൈ.എഫ്.ഐയുടെ വിശദീകരണം. പഞ്ചായത്തിന്‍റെ അനുമതിയോടെ ഇന്നലെ വീടിന്‍റെ നിർമ്മാണം പുനരാരംഭിച്ചപ്പോൾ ഡി.വൈ.എഫ്.ഐ പ്രവർത്തകർ വീണ്ടും തടസ്സപ്പെടുത്തുകയായിരുന്നു.
'പഞ്ചായത്തിൽ നിന്നും അനുമതി നേടിയ ശേഷമായിരുന്നു ആദ്യം തറ നിർമ്മിച്ചത്. പിന്നീട് പാർട്ടി ഇടപ്പെട്ട് അനുമതി റദ്ദാക്കി. വയൽ നികത്തി റോഡ് ഉണ്ടാക്കി എന്നാരോപിച്ചായിരുന്നു നടപടി. പിന്നീട് വീണ്ടും നിയമപരമായി ഇടപെട്ടാണ് അനുമതി നേടിയത്. എന്നാൽ സി പി എം പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ജോലി തടസ്സപ്പെടുത്തുകയായിരുന്നു' വീട്ടുകാര്‍ പറഞ്ഞു