പി.എം ആർഷോയുടെ പരാതിയില്‍ മാധ്യമപ്രവർത്തക അഖില നന്ദകുമാറിന് ക്രൈംബ്രാഞ്ച് നോട്ടീസ്

നാളെ ഹാജരാകാൻ കഴിയില്ലെന്ന് അഖില നന്ദകുമാർ അന്വേഷണസംഘത്തെ അറിയിച്ചു

Update: 2023-06-15 15:21 GMT
Advertising

കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ പരാതിയിലെ ഗൂഢാലോചനക്കേസിൽ മാധ്യമപ്രവർത്തക അഖില നന്ദകുമാറിന് ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്. നാളെ രാവിലെ 10 മണിക്ക് ചോദ്യംചെയ്യലിന് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്നാണ് അറിയിപ്പ്. എന്നാൽ നാളെ ഹാജരാകാൻ കഴിയില്ലെന്ന് അഖില നന്ദകുമാർ അന്വേഷണസംഘത്തെ അറിയിച്ചു.

കേസിൽ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകണമെന്ന് കാണിച്ച് കെഎസ്‌യു നേതാക്കൾക്ക് അന്വേഷണസംഘം ഇന്നലെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ കെഎസ്‌യു നേതാക്കൾ ഇന്ന് ചോദ്യംചെയ്യലിന് ഹാജരായില്ല.

ഇതിനിടെ, സിസിടിവി ദൃശ്യങ്ങൾ മഹാരാജാസ് കോളേജ് അധികൃതർ അന്വേഷണസംഘത്തിന് കൈമാറി. ഈ മാസം ആറാം തീയതിയിലെ സിസിടിവി ദൃശ്യങ്ങളാണ് കൈമാറിയത്. ആർഷോയുടെ പരാതിയിൽ കഴമ്പില്ലെന്നാണ് കോളേജ് അധികൃതർ പറയുന്നത്. യാതൊരു ഗൂഢാലോചനയും കോളേജിൽ നടന്നിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

മാർക്ക് ലിസ്റ്റ് വിവാദത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നായിരുന്നു പി.എം ആർഷോയുടെ പരാതി. ആർഷോയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ബ്യൂറോയിലെ ചീഫ് റിപ്പോർട്ടർ അഖിലാ നന്ദകുമാര്‍ അഞ്ചാം പ്രതിയാണ്. ഇതിൽ ഒന്നാം പ്രതിയായ മഹാരാജാസ് കോളജ് ആർക്കിയോളജി വിഭാഗം കോർഡിനേറ്റർ വിനോദ് കുമാറിന്‍റെയും രണ്ടാം പ്രതി കോളേജ് പ്രിൻസിപ്പൽ വി.എസ് ജോയിയുടെയും മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. മൂന്നാം പ്രതിയാണ് അലോഷ്യസ് സേവ്യര്‍.

പ്രതികളുടെ മൊഴിയെടുപ്പ് പൂർത്തിയാക്കിയ ശേഷമാകും മഹാരാജാസ് കോളജിലെ വിശദമായ തെളിവെടുപ്പിലേക്ക് കടക്കുക. അതിനിടെ, എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യക്ക് പി.എച്ച്.ഡി പ്രവേശനം നല്‍കാന്‍ സംവരണക്രമം അട്ടിമറിച്ചെന്ന പരാതിയില്‍ കാലടി സർവകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ അന്വേഷണം വൈകും. സിന്‍ഡിക്കേറ്റ് ലീഗല്‍ ഉപസമിതിക്ക് അന്വേഷണം വിട്ടത് വി.സി എം.വി നാരായണനാണ്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News