കെ.എസ്.ആർ.ടി.സിയിൽ പ്രതിസന്ധി തുടരുന്നു; പ്രതിഷേധം ശക്തമാക്കാൻ യൂണിയനുകൾ
ജൂലൈ മാസത്തെ ശമ്പളം ഇത് വരെയും കൊടുത്തിട്ടില്ല. ഓണക്കാലം അടുക്കും തോറും സർക്കാരിന് തലവേദന കൂടും.
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള മൂന്നാം വട്ട ചർച്ചയും പരാജയപ്പെട്ടതോടെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യൂണിയനുകൾ. സിഐറ്റിയു അടക്കം 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി തള്ളിപ്പറഞ്ഞതോടെ സർക്കാർ വീണ്ടും പ്രതിസന്ധിയിലായി. ജൂലൈ മാസത്തെ ശമ്പളം ഇനിയും വിതരണം ചെയ്യാത്തത് സമ്മർദ്ദ തന്ത്രമെന്നാണ് പ്രതിപക്ഷ യൂണിയനുകളുടെ ആക്ഷേപം.
12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിയിൽ മാനേജ്‌മെന്റിന് അനുകൂലമായ നിയമോപദേശം ലഭിച്ചെങ്കിലും തൊഴിലാളി യൂണിയനുകൾ നിലപാട് കടുപ്പിച്ചു. സ്റ്റിയറിങ് ഡ്യൂട്ടിയും വിശ്രമവും ഉൾപ്പെടെ 8 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അല്ലാതെ മറിച്ചൊരു തീരുമാനം യൂണിയനുകൾ അംഗീകരിക്കില്ല. ശമ്പളം നൽകാൻ മുൻതൂക്കം വേണമെന്ന് മൂന്ന് അംഗീകൃത യൂണിയനുകളും ആവശ്യപ്പെട്ടു.
ജൂലൈ മാസത്തെ ശമ്പളം ഇത് വരെയും കൊടുത്തിട്ടില്ല. ഓണക്കാലം അടുക്കും തോറും സർക്കാരിന് തലവേദന കൂടും.103 കോടി രൂപ ആവശ്യപ്പെട്ടുള്ള കെ.എസ്.ആർ.ടി.സിയുടെ അഭ്യർത്ഥന ധനവകുപ്പ് പരിഗണിച്ചിട്ടു പോലുമില്ല. സിംഗിൾ ഡ്യൂട്ടി നടപ്പാക്കാൻ സർക്കാർ സമ്മർദ്ദ തന്ത്രം എടുക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്.