പട്ടിക ജാതിക്കാര്‍‍ക്കും ജനറല്‍ വിഭാഗത്തിനും പ്രത്യേക ടീം; തിരുവനന്തപുരം നഗരസഭയുടെ സ്പോര്‍ട്സ് ടീം പദ്ധതിക്കെതിരെ വിമര്‍ശം

പദ്ധതിയുടെ ഭാഗമായി ജാതി തിരിച്ച് ടീം രൂപീകരിക്കുന്നതിനെതിരെയാണ് സോഷ്യല്‍മീഡിയയില്‍ വിമര്‍ശമുയരുന്നത്

Update: 2022-08-01 08:38 GMT
Editor : Jaisy Thomas | By : Web Desk
പട്ടിക ജാതിക്കാര്‍‍ക്കും ജനറല്‍ വിഭാഗത്തിനും പ്രത്യേക ടീം; തിരുവനന്തപുരം നഗരസഭയുടെ സ്പോര്‍ട്സ് ടീം പദ്ധതിക്കെതിരെ വിമര്‍ശം
AddThis Website Tools
Advertising

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ സ്പോര്‍ട്സ് ടീം പദ്ധതിക്കെതിരെ വ്യാപകം വിമര്‍ശം. പദ്ധതിയുടെ ഭാഗമായി ജാതി തിരിച്ച് ടീം രൂപീകരിക്കുന്നതിനെതിരെയാണ് സോഷ്യല്‍മീഡിയയില്‍ വിമര്‍ശമുയരുന്നത്.

ഫുട്ബോൾ, ഹാൻഡ് ബോൾ, വോളിബോൾ, ബാസ്‌കറ്റ് ബോൾ, അത്‍ലറ്റിക്സ് എന്നീ കായിക ഇനങ്ങളിൽ നഗരസഭ ഔദ്യോഗികമായി ടീം ഉണ്ടാക്കുമെന്നാണ് മേയർ ആര്യ രാജേന്ദ്രൻ കഴിഞ്ഞ ദിവസം അറിയിച്ചത്. ഓരോ ടീമിലും 25 കുട്ടികൾ ഉണ്ടാകും. ജനറൽ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും എസ്/എസ്‌ടി വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും ആണ് ഓരോ കായിക ഇനത്തിലും ഉണ്ടാവുകയെന്നുമായിരുന്നു മേയറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.


ഇതിനെതിരെയാണ് സോഷ്യല്‍മീഡിയയില്‍ ഒരു വിഭാഗം രംഗത്തുവന്നിരിക്കുന്നത്. ജാതി വർഗീയത വേണ്ടെന്നും അത് പറയരുത് എന്നും പറയുന്ന പാർട്ടി. ഒരു ടീം ഉണ്ടാക്കുമ്പോൾ എന്തിനാണ് അങ്ങനെ ഒരു വർഗീകരണമെന്നുമാണ് ചിലര്‍ ചോദിക്കുന്നത്. നായൻമാരുടെയും മേനോൻമാരുടെയും തിയ്യൻമാരുടെയും ടീം കൂടെ വേണം എന്നും മറ്റു ചിലര്‍ പരിഹസിക്കുന്നുണ്ട്. തീരുമാനം നല്ലതാണെങ്കിലും വേര്‍തിരിച്ചുള്ള ടീം അംഗീകരിക്കാനാകില്ലെന്നും അഭിപ്രായമുയരുന്നുണ്ട്. സ്പോര്‍ട്സിലും ജാതി വേര്‍തിരിവ്,കഷ്ടം, പുരോഗമനം സിന്ദാബാദ്, അപ്പോ ജാതി സമത്വം ഒന്നു വേണ്ടേ, വര്‍ഗീയത തുലയട്ടെ, ജനറൽ കുട്ടികൾക്ക് ഒരു ടീം, SC/ST കുട്ടികൾക്ക് വേറെ ടീം.... എന്തോ ഈ വാർത്ത നിങ്ങളെക്കുറിച്ചുള്ള മതിപ്പ് കുറയ്ക്കുന്നു.... ജാതി തിരിച്ചുള്ള ടീം വേണോ....മിക്സഡ് ടീം അല്ലെ വേണ്ടത്..എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍...


മേയറുടെ ഫേസ്ബുക്ക് പോസ്റ്റ്

നഗരസഭയ്ക്ക് സ്വന്തമായി സ്പോർട്സ് ടീം...നഗരത്തിലെ കായികതാരങ്ങളുടെയും കായിക പ്രേമികളുടെയും ചിരകാലാഭിലാഷം യാഥാർഥ്യമാവുകയാണ്. ഫുട്ബോൾ, ഹാൻഡ് ബോൾ, വോളിബോൾ, ബാസ്കറ്റ് ബോൾ, അത്‍ലറ്റിക്സ് എന്നീ കായിക ഇനങ്ങളിൽ നഗരസഭാ ഔദ്യോഗികമായി ടീം ഉണ്ടാക്കും. ഇന്നലെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സെലക്ഷൻ ക്യാമ്പ് സന്ദർശിച്ചു. 25 കുട്ടികളാണ് ഓരോ ടീമിലും ഉണ്ടാവുക. ജനറൽ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും, എസ് /എസ്ടി വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും ആണ് ഓരോ കായിക ഇനത്തിലും ഉണ്ടാവുക. ഇവർക്കാവശ്യമായ പരിശീലനം നഗരസഭ നൽകുകയും തലസ്ഥാനത്തടക്കം നടക്കുന്ന വിവിധ കായികമത്സരങ്ങളിൽ ഈ ടീം നഗരസഭയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ഇതൊരു സ്ഥിരം സംവിധാനമാക്കാനാണ് ആലോചിക്കുന്നത്. അതിന് വിപുലമായ പദ്ധതി നഗരസഭ ആസൂത്രണം ചെയ്യും. അതിന് വേണ്ടി കായിക താരങ്ങളുമായും , കായികപ്രേമികളുമായും കായികരംഗത്തെ വിദഗ്ധരുമായും സ്പോർട്സ് കൗൺസിൽ ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളുമായും ഉടൻ ചർച്ച നടത്തും. തുടർന്ന് ബൃഹത്തായ ഒരു പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കും.

നമ്മുടെ കുട്ടികളുടെ കായികമായ കഴിവുകളെ കണ്ടെത്തി അവർക്ക് എല്ലാവിധ പിന്തുണയും നൽകി നാടിന്‍റെ അഭിമാനങ്ങളായി അവരെ മാറ്റി തീർക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. അതിനാവശ്യമായതെല്ലാം നഗരസഭ ചെയ്യാൻ പരിശ്രമിക്കുകയാണ്. എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. 

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News