കെ. സുധാകരന്റെ പ്രസ്താവന സി.പി.എമ്മിന് രാഷ്ട്രീയ ആയുധമായെന്ന് കോൺഗ്രസിൽ വിമർശനം
സെനറ്റിൽ സംഘ്പരിവാറുകാരെ ഉൾപ്പെടുത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് അവരിലും കൊള്ളാവുന്നവരുണ്ടാവും എന്ന പരാമർശമാണ് വിവാദമായത്.
തിരുനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ സംഘ്പരിവാർ അനുകൂല പ്രസ്താവന സി.പി.എമ്മിന് ആയുധമായെന്ന് കോൺഗ്രസിൽ ഒരു വിഭാഗത്തിന്റെ വിമർശനം. സംഘ്പരിവാർ അനുകൂല പ്രസ്താവന പാടില്ലായിരുന്നു. നിരന്തരം നാക്കുപിഴ വരുന്നത് തലവേദനയാകുന്നുവെന്നും നേതാക്കൾ പറയുന്നു.
സെനറ്റിൽ സംഘ്പരിവാറുകാരെ ഉൾപ്പെടുത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് അവരിലും കൊള്ളാവുന്നവരുണ്ടാവും എന്ന പ്രസ്താവനയാണ് വിവാദമായത്. ഇത്തരം പ്രസ്താവനകൾ പാർട്ടിയെ മാത്രമല്ല, മുന്നണിയെക്കൂടി പ്രതിക്കൂട്ടിലാക്കുന്നു എന്നാണ് വിമർശനം. അതുകൊണ്ട് ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ സൂക്ഷ്മത പുലർത്തണമെന്നും ഇവർ പറയുന്നു.
ജനുവരി അവസാനം കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ യാത്ര നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ സുധാകരനൊപ്പം പ്രതിപക്ഷനേതാവ് കൂടി ചേർന്ന് ജാഥ നയിക്കട്ടെ എന്ന് തീരുമാനിച്ചതിന് പിന്നിലും സുധാകരന്റെ വിവാദ പ്രസ്താവനകളാണ്. നവകേരള സദസ്സിന്റെ പേരിൽ സർക്കാരിനെതിരെ പ്രതിപക്ഷം വലിയ വിമർശനം ഉന്നയിക്കുമ്പോൾ അവർക്ക് ഒരു വടികൊണ്ടുപോയി കൊടുക്കുന്ന രീതിയിലായിപ്പോയി സുധാകരന്റെ പ്രസ്താവനെയെന്നും പാർട്ടിയിൽ ഒരു വിഭാഗം പറയുന്നു.