'വിമർശിക്കുന്നവർക്ക് യു.ജി.സി ചട്ടങ്ങളെ കുറിച്ച് ലവലേശം അറിയില്ല'; വാദത്തിൽ ഉറച്ച് പ്രിയ വർഗീസ്

"യു.ജി.സി ചട്ടത്തിന്‍റെ പകുതി മാത്രം വായിച്ചാണ് പലരും വിമര്‍ശിക്കുന്നത്"

Update: 2022-08-19 17:18 GMT
Advertising

കണ്ണൂര്‍: യു.ജി.സി ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്ന വാദത്തിൽ ഉറച്ച്  പ്രിയ വർഗീസ്.  വിമർശിക്കുന്നവർക്ക് യു.ജി.സി ചട്ടങ്ങളെ കുറിച്ച് ലവലേശം അറിയില്ല. യു.ജി.സി ചട്ടത്തിന്‍റെ പകുതി മാത്രം വായിച്ചാണ് പലരും വിമര്‍ശിക്കുന്നത്. എഫ്.ഡി.പി എന്നാൽ സ്റ്റഡി ലീവ് അല്ലെന്ന് സർവകലാശാല രക്ഷാ സംഘക്കാർക്ക് അറിയില്ലെന്നും എഫ്.ഡി.പി കാലയളവ് എല്ലാ തരത്തിലും അധ്യാപന പരിചയമായി കണക്കാക്കാമെന്നാണ് ചട്ടമെന്നും പ്രിയ വര്‍ഗീസ് പറഞ്ഞു.  ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് വിമര്‍ശനം. 

Full View

അതേ സമയം പ്രിയ വർഗീസിന്‍റെ നിയമനം മരവിപ്പിച്ച ഗവർണറുടെ നടപടിക്കെതിരെ കണ്ണൂർ സർവ്വകലാശാല ഉടൻ ഹൈക്കോടതിയെ സമീപിക്കില്ല. കേസ് നിലനിൽക്കാൻ സാധ്യത ഇല്ലെന്ന സർവകലാശാല സ്റ്റാൻഡിങ് കൗൺസിലിന്‍റെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഗവർണറുടെ തീരുമാനത്തിനെതിരെ പ്രിയ വർഗീസ് ഹൈക്കോടതിയെ സമീപിച്ചേക്കും. വൈസ് ചാൻസലർക്ക് എതിരെ ഗവർണർ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്നാണ് സൂചന.

പ്രിയ വർഗീസിന്‍റെ നിയമനം മരവിപ്പിച്ച ഗവർണറുടെ തീരുമാനത്തിനെതിരെ  ഹൈക്കോടതിയെ സമീപിക്കാനായിരുന്നു വൈസ് ചാൻസലറുടെ തീരുമാനം. ഇന്നലെ ചേർന്ന സിന്‍ഡിക്കേറ്റ് യോഗം ഇതിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ രാത്രിയോടെ ഈ നീക്കത്തിൽ നിന്ന് സർവ കലാശാല പിന്നോട്ട് അടിച്ചു. കേസ് നിലനിൽക്കുമോയെന്ന കാര്യത്തിൽ ഉണ്ടായ അവ്യക്തതതയാണ് കാരണം. സർവകലാശാല ആക്ട് പ്രകാരം ഗവർണറുടെ നടപടി നിലനിൽക്കില്ലെന്നായിരുന്നു വൈസ് ചാൻസലറുടെ വാദം. എന്നാൽ ഗവർണറുടെ ഉത്തരവിൽ വ്യക്തതക്കുറവ് ഉണ്ടെന്നും തിരക്കിട്ടുള്ള നിയമ നടപടികൾ വേണ്ടന്നും സ്റ്റാൻഡിങ് കൗൺസിലും നിയമോപദേശം നൽകി.ചാൻസിലറും വൈസ് ചാൻസിലറും സിൻഡിക്കേറ്റും സർവ്വകലാശാല ഭരണത്തിൻ്റെ ഭാഗമാണ്. ഇക്കാര്യം മുൻനിർത്തിയാണ് കേസിൻ്റെ സാധുതയിൽ നിയമ വിദഗ്ധർ സംശയം പ്രകടിപ്പിക്കുന്നത്. അതേസമയം സർവകലാശാലയെ എതിർകക്ഷിയാക്കി പ്രിയ വർഗീസിന് കോടതിയെ സമീപിക്കാൻ നിയമ തടസ്സമില്ല.

കണ്ണൂർ സർവകലാശാലയിലെ നിയമനങ്ങൾ വിചിത്രവും നിയമവിരുദ്ധവുമാണെന്നായിരുന്നു വിവാദങ്ങളോടുള്ള പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. എന്നാൽ നിയമന വിവാദത്തിൽ സർവ കലാ ശാലയെ ന്യായീകരിക്കുന്ന നിലപാട് ആണ് സിപിഎം നേതാക്കൾ ഇന്നും സ്വീകരിച്ചത്. ഗവർണറുടെ സമീപനം ഭരണഘടനാ വിരുദ്ധവും യൂണിവേഴ്സിറ്റി ചട്ടങ്ങൾക്ക് വിരുദ്ധവുമാണെന്നും എകെ ബാലൻ പറഞ്ഞു.

ഇതിനിടെ വൈസ് ചാന്‍സ്‍ലർ ഗോപിനാഥ് രവീന്ദ്രനെതിരെ ഗവർണർ കടുത്ത നടപടി ക്കൊരുങ്ങുന്നയാണ് സൂചന.ചാൻസലർക്കെതിരെ നീക്കം നടത്താൻ സിൻഡിക്കേറ്റ് യോഗം വിളിച്ചത് ചട്ട ലംഘനമാണെന്ന് രാജ്ഭവൻ വിലയിരുത്തുന്നു . ഡൽഹിയിൽ ഉള്ള ഗവർണർ മടങ്ങി എത്തിയാലുടൻ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും..

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News