ഗവർണർക്ക് സിആർപിഎഫ് സുരക്ഷ; Z പ്ലസ് കാറ്റഗറിയിൽ രാജ്ഭവനും കേന്ദ്രസുരക്ഷയൊരുക്കും

അഞ്ചിലേറെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ അടങ്ങിയ വാഹനവ്യൂഹവും ഗവർണറെ അനുഗമിക്കും

Update: 2024-01-27 11:41 GMT
Editor : banuisahak | By : Web Desk

ആരിഫ് മുഹമ്മദ് ഖാന്‍

Advertising

തിരുവനന്തപുരം:കൊല്ലം നിലമേലിലെ നാടകീയരംഗങ്ങൾക്ക് പിന്നാലെ കേന്ദ്രത്തിന്റെ ഇടപെടൽ. രാജ്ഭവനും ഗവർണർക്കും സിആർപിഎഫ് സുരക്ഷയൊരുക്കും. Z പ്ലസ് കാറ്റഗറിയിലാണ് സുരക്ഷ. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഗവർണറെ ഫോണിൽ വിളിച്ച് ഇന്നത്തെ സംഭവങ്ങളെ കുറിച്ച് അന്വേഷിച്ചു. ഉപരാഷ്ട്രപതിയും ആഭ്യന്തര മന്ത്രിയും ഗവർണറെ ഫോണിൽ ബന്ധപ്പെട്ടു. 

നിലവിൽ കേരള പൊലീസാണ് ഗവർണർക്ക് സുരക്ഷയൊരുക്കുന്നത്. Z പ്ലസ് കാറ്റഗറിയിലേക്ക് മാറ്റിയതോടെ 55 അംഗ സുരക്ഷാ സേനയാകും ഗവർണറുടെ സുരക്ഷാ ചുമതല വഹിക്കുക. പത്തിലേറെ കമാൻഡോകളും ഇതിൽ ഉൾപ്പെടുന്നു. അഞ്ചിലേറെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ അടങ്ങിയ വാഹനവ്യൂഹവും ഗവർണറെ അനുഗമിക്കും. 

എസ്.എഫ്.ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനു പിന്നാലെയായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ വാഹനത്തിൽനിന്ന് ഇറങ്ങി റോഡരികിൽ കസേരയിട്ട് പ്രതിഷേധിച്ചത്. ഒടുവിൽ റേഞ്ച് ഡി.ഐ.ജി നിശാന്തിനി ഐ.പി.എസ് സ്ഥലത്തെത്തി പ്രതിഷേധം നടത്തിയ 17 പേർക്കെതിരെ കേസെടുത്തതിന്റെ എഫ്.ഐ.ആർ പകർപ്പ് കാണിച്ചതോടെയാണ് അദ്ദേഹം വഴങ്ങിയത്. തുടർന്ന് കാറിൽ മടങ്ങുകയായിരുന്നു.

കൊല്ലം സദാനന്ദപുരത്ത് സ്വകാര്യചടങ്ങിൽ പങ്കെടുക്കാനാണ് ഗവർണർ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടത്. 10.45ഓടെ നിലമേലെത്തിയപ്പോൾ 60 ഓളം എസ്.എഫ്.ഐ പ്രതിഷേധവുമായി രംഗത്തെത്തി. സംഘി ഗവർണർ ഗോബാക്ക് എന്ന് ആക്രോശിച്ച് ഗവർണറുടെ വാഹനവ്യൂഹത്തിനുനേരെ പ്രവർത്തകർ കരിങ്കൊടി വീശി.

ഇതോടെ വാഹനത്തിൽനിന്ന് പുറത്തിറങ്ങിയ ഗവർണർ പ്രതിഷേധക്കാർക്ക് നടുവിലേക്ക് ചെന്നു. പിന്നീട് പൊലീസിനുനേരെയും തിരിഞ്ഞു. മുഖ്യമന്ത്രിക്കുനേരെയും ഇതുപോലെ പ്രതിഷേധത്തിന് അവസരമൊരുക്കുമോയെന്നു ചോദിച്ച് പൊലീസിനെ രൂക്ഷമായ ഭാഷയിൽ ശകാരിച്ചു.

ഇതിനിടെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സെക്രട്ടറിയെ വിളിച്ച് വിവരം അറിയിച്ചു. ഇതിനിടെ ഡി.ജി.പി ഗവർണറെ വിളിച്ച് അനുനയിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, ഡി.ജി.പിയോടും അദ്ദേഹം ക്ഷുഭിതനായി. സമരത്തിൽനിന്നു പിന്മാറണമെന്ന ആവശ്യം അദ്ദേഹം ചെവികൊണ്ടില്ല. ഒടുവിലാണ് റേഞ്ച് ഡി.ഐ.ജിയുടെ നേതൃത്വത്തിൽ ഉന്നത പൊലീസ് സംഘം സ്ഥലത്തെത്തിയത്. 17 പേർക്കെതിരെ കേസെടുത്തതിന്റെ എഫ്.ഐ.ആർ പകർപ്പ് കാണിച്ചതോടെ ഗവർണർ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് തിരിക്കുകയായിരുന്നു. വൻ പൊലീസ് സംഘവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News