കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ പരിക്കേൽപ്പിച്ചു
തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലാണ് സംഭവം.
തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ പിഞ്ചുകുഞ്ഞിനോട് ആയമാരുടെ കൊടുംക്രൂരത. കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ പരിക്കേൽപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ആയമാരെ അറസ്റ്റ് ചെയ്തു. അജിത, മഹേശ്വരി, സിന്ധു എന്നിവരാണ് അറസ്റ്റിലായത്. മൂന്നുപേരും താത്കാലിക ജീവനക്കാരാണ്.
അജിതയാണ് കുഞ്ഞിനെ മുറിവേൽപ്പിച്ചത്. മറ്റു രണ്ടുപേരും ഇക്കാര്യം അറിഞ്ഞിട്ടും മറച്ചുവെക്കുകയായിരുന്നു. അമ്മ മരിച്ചതിന് പിന്നാലെ അച്ഛനും ജീവനൊടുക്കിയതോടെയാണ് അഞ്ച് വയസും രണ്ടര വയസുമുള്ള സഹോദരിമാരെ ശിശുക്ഷേമ സമിതിയിലെത്തിച്ചത്. മറ്റൊരു ആയ കുളിപ്പിക്കുന്നതിനിടെ കുഞ്ഞ് നിർത്താതെ കരഞ്ഞതോടെ പരിശോധിച്ചപ്പോഴാണ് ക്രൂരമായി മുറിവേൽപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഞായറാഴ്ച തൈക്കാട് ആശുപത്രിയിലെത്തിച്ച പരിശോധിച്ചതോടെ കൂടുതൽ മുറിവുകൾ കണ്ടെത്തുകയായിരുന്നു.
ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപിയുടെ പരാതിയിലാണ് അറസ്റ്റ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. വളരെ കൃത്യതയോടെയാണ് കുട്ടികളെ പരിപാലിക്കുന്നത്. നഖംകൊണ്ട് നുള്ളിയ പാടാണ്. കുട്ടിയെ വൈദ്യപരിശോധനക്കയച്ചു. പിരിച്ചുവിട്ടവരിൽ മൂന്നുപേരെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുമ്പാണ് പരാതി കൊടുത്തത്. ഒറ്റപ്പെട്ട സംഭവം പോലും ഉണ്ടാകരുതെന്നതിന്റെ ഭാഗമായാണ് പരാതി നൽകിയത്. ശിശുക്ഷേമ സമിതിയിൽ കൂടുതലും താത്കാലിക ജീവനക്കാരാണെന്നും അരുൺ ഗോപി പറഞ്ഞു.