കുസാറ്റ് അപകടം: നവകേരള സദസിലെ ആഘോഷപരിപാടികൾ റദ്ദാക്കി

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കോഴിക്കോട് ഗവണ്‍മെന്‍റ് ഗസ്റ്റ് ഹൗസിലായിരുന്നു മന്ത്രിമാരുടെ അടിയന്തരയോഗം ചേർന്നത്

Update: 2023-11-25 16:02 GMT
Advertising

കോഴിക്കോട്: കളമശ്ശേരി കുസാറ്റ് ക്യാമ്പസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് മന്ത്രിമാർ. സംഭവത്തില്‍ മന്ത്രിമാര്‍ അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കോഴിക്കോട് ഗവണ്‍മെന്‍റ് ഗസ്റ്റ് ഹൗസിലായിരുന്നു മന്ത്രിമാരുടെ അടിയന്തരയോഗം ചേർന്നത്. ദുഃഖ സൂചകമായി ഞായറാഴ്ച നവകേരള സദസ്സോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളും കലാപരിപാടികളും ഒഴിവാക്കി.

വ്യവസായ മന്ത്രി പി രാജീവിനെയും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിനെയും കളമശ്ശേരിയിലേക്ക് നിയോഗിച്ചു. അവർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ആരോഗ്യമന്ത്രി വീണ ജോർജ് ചികിത്സ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കും. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി.

അൽപ്പം മുമ്പാണ് കളമശ്ശേരി കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലുംപെട്ട് നാലു വിദ്യാർഥികൾ മരിച്ചത്. മഴ പെയ്തപ്പോൾ വിദ്യാർഥികൾ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. ഇവരുടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലാണുള്ളത്.

കഴിഞ്ഞ മൂന്നു ദിവസമായി നടക്കുന്ന ടെക് ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നു. ഇത് ആസ്വദിക്കുന്നതിനായി ഓഡിറ്റോറിയത്തിനകത്ത് നിറയെ കുട്ടികളുണ്ടായിരുന്നു. ഇതിനിടെ കനത്ത മഴ പെയ്തതോടെ പുറത്തുണ്ടായിരുന്നവർകൂടി ഓഡിറ്റോറിയത്തിനുള്ളിലേക്ക് തള്ളിക്കയറുകയായിരുന്നു. തിരക്കിനിടെ കുട്ടികൾ ശ്വാസം കിട്ടാതെ തലകറങ്ങി വീഴുകയായിരുന്നു.

15 വിദ്യാർഥികളെയാണ് ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കും കളമശ്ശേരി മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയത്. ഇവിടെവച്ചാണ് നാല് കുട്ടികൾ മരിച്ചത്. 45 ഓളം കുട്ടികൾക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റ ഏതാനും പേരുടെ നില ഗുരുതരമാണ്. സർവകലാശാലയിലെ വിദ്യാർഥികൾക്ക് പുറമെ വിവിധ എഞ്ചിനീയറിങ് കോളജിലെ വിദ്യാർഥികളും ഗാനമേള കേൾക്കാനെത്തിയ പുറത്തുനിന്നുള്ള ആളുകൾ ഇവിടെയുണ്ടായിരുന്നു. മഴ പെയ്തപ്പോൾ ആളുകൾ കൂട്ടത്തോടെ ഓഡിറ്റോറിയത്തിലേക്ക് കയറിയതോടെയാണ് അപകമുണ്ടായത്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News