പ്രിയ സുഹൃത്തുക്കൾക്ക് കണ്ണീരോടെ വിട: കുസാറ്റിൽ പൊതുദർശനം പൂർത്തിയായി

വിദ്യാർത്ഥികൾക്ക് ധന സഹായം സംബന്ധിച്ച കാര്യമുൾപ്പെടെ മന്ത്രിസഭ ചേർന്ന് തീരുമാനിക്കുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു

Update: 2023-11-26 06:51 GMT
Editor : banuisahak | By : Web Desk
Advertising

കൊച്ചി: കുസാറ്റ് ദുരന്തത്തിൽ മരിച്ച വിദ്യാർത്ഥികളുടെ പൊതുദർശനം കാമ്പസിൽ പൂർത്തിയായി. സ്പീക്കർ എ എൻ ഷംസീർ , സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ , ജോൺ ബ്രിട്ടാസ് എംപി തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. അതുൽ തമ്പി , സാറ തോമസ്, ആൻ റുഫ്ത എന്നിവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ വീടുകളിലേക്ക് കൊണ്ടുപോയി. ഇറ്റലിയിൽ നിന്ന് അമ്മ എത്താൻ വൈകുന്നതിനാൽ ആൻ റിഫ്‌തയുടെ സംസ്‌കാരം നാളെയാണ് നടക്കുക. സാറയുടെ സംസ്കാരവും നാളെ നടക്കുമെന്നാണ് വിവരം. അതുൽ തമ്പിയുടെ സംസ്കാരം ഇന്ന് തന്നെ നടക്കും. 

ഫോറൻസിക് സംഘം അപകട സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും പി രാജീവും കാര്യങ്ങൾ ഏകോപിപ്പിക്കാനായി സ്ഥലത്തുണ്ട്. വിദ്യാർത്ഥികൾക്ക് ധന സഹായം സംബന്ധിച്ച കാര്യമുൾപ്പെടെ മന്ത്രിസഭ ചേർന്ന് തീരുമാനിക്കുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. 

വിദ്യാർഥികൾ ശ്വാസംമുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റ് മോർട്ടത്തിൽ പ്രാഥമിക നിഗമനം. മരിച്ച നാലുപേരുടെയും കരളിനും ശ്വാസകോശത്തിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. എല്ലുകൾ ഒടിഞ്ഞിട്ടുണ്ട്, നട്ടെല്ലിനടക്കം പരിക്കുണ്ടെന്നും റിപ്പോർട്ടിൽ ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. 

അതേസമയം, സംഘാടനത്തിൽ പാളിച്ച സംഭവിച്ചിട്ടുണ്ടെന്ന് കുസാറ്റ് വൈസ് ചാൻസലർ സമ്മതിച്ചു. സമയക്രമം പാലിച്ച് കുട്ടികളെ കയറ്റി വിടുന്നതിലാണ് പാളിച്ചയുണ്ടായത്. 

മൂന്ന് വിദ്യാർഥികൾ ഉൾപ്പെടെ നാല് പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. സ്‌കൂൾ ഓഫ് എൻജിനിയറിങ് വിദ്യാർഥികളായ അതുൽ തമ്പി , സാറ തോമസ്, ആൻ റുഫ്ത എന്നിവരും പാലക്കാട് സ്വദേശി ആൽബിൻ തോമസുമാണ് മരിച്ചത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. മലപ്പുറം സ്വദേശി ഷേബയും ആലപ്പുഴ സ്വദേശി ഗീതാഞ്ജലിയും തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ്. 

എങ്ങനെയാണ് അപകടമുണ്ടായതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. മൂവായിരത്തിലധികം വിദ്യാർഥികൾ പങ്കെടുത്ത പരിപാടിക്ക് പൊലീസിന്റെ അനുമതി ഉണ്ടായിരുന്നോ എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല. അനുമതി തേടിയെന്ന് സർവകലാശാലയും അനുമതി തേടിയിരുന്നില്ലെന്ന് പൊലീസും പറയുന്നു. പൊലീസ് ഇന്ന് സംഘാടകരുടെ മൊഴി രേഖപ്പെടുത്തും. ഇന്നലെ അസ്വാഭാവിക മരണത്തിന് കളമശ്ശേരി പൊലീസ് കേസെടുത്തിരുന്നു. രാവിലെ 8 30 ന് രാജീവ്, ബിന്ദു മന്ത്രിമാർ സംഭവസ്ഥലം സന്ദർശിക്കും. 

നിലവിൽ 34പേരാണ് ചികിത്സയിൽ കഴിയുന്നത്. പരിക്കേറ്റവരെ ചികിത്സിക്കാൻ പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്. മന്ത്രിമാരായ പി രാജീവും ആർബിന്ദും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News