കുസാറ്റ് ദുരന്തം: സർവകലാശാല വീഴ്ച വ്യക്തമാക്കി റിപ്പോർട്ട്
തൃക്കാക്കര എസിപിയുടെ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു
കൊച്ചി: കുസാറ്റ് ദുരന്തത്തിൽ സർവകലാശാലയുടെ വീഴ്ച വ്യക്തമാക്കി പൊലീസിന്റെ റിപ്പോർട്ട്. മതിയായ ആളുകളെ സുരക്ഷക്കായി ചുമതലപ്പെടുത്തിയില്ലെന്നും കൃത്യമായ പദ്ധതിയില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചത്. സ്റ്റേഡിയം നിർമാണത്തിലെ അപാകതയും ദുരന്തത്തിന്റെ ആഴം കൂട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു.
കുസാറ്റിൽ ടെക്ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തിൽ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലെ വിവരങ്ങളാണ് തൃക്കാക്കര എസിപി ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.
ദിഷണ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീത നിശക്ക് ആവശ്യമായ സൗകര്യമൊരുക്കിയില്ല. ആയിരം പേരെ മാത്രം ഉൾക്കൊള്ളാവുന്ന സ്റ്റേഡിയത്തിൽ തള്ളിക്കയറിയത് നാലായിരം പേർ, കൃത്യമായ പദ്ധതിയില്ലാതെയാണ് പരിപാടി നടത്തിയത്.ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയുണ്ടെന്ന് സമൂഹമാധ്യമങ്ങളിൽ സംഘാടകർ പരസ്യം ചെയ്തു.
ഇത് വഴി കുടുതൽ ആളുകൾ പരിപാടിയെ കുറിച്ചറിഞ്ഞു. ഉച്ചക്ക് രണ്ടരയ്ക്ക് ഗാനമേളയുടെ റിഹേഴ്സൽ പ്ലാൻ ചെയ്തെങ്കിലും ഗാനമേള തുടങ്ങുന്നതിന് തൊട്ടുമുൻപ് ആറരയക്കാണ് റിഹേഴ്സൽ തുടങ്ങിയത്.ഗാനമേള ആരംഭിച്ചെന്ന് തെറ്റിദ്ധരിച്ച് കുസാറ്റ് ഓഡിറ്റോറിയത്തിന് പുറത്ത് നിന്നവർ അകത്തേക്ക് തള്ളി കയറി. തിരക്കൊഴിവാക്കാൻ ആകെയുള്ള രണ്ട് ഗേറ്റും അടച്ചതിനാൽ വിദ്യാർഥികളെ പുറത്തെത്തിക്കാനായില്ല. പ്രാഥമിക ചികിത്സ നൽകുന്നതിനുള്ള സൗകര്യവും ഓഡിറ്റോറിയത്തിൽ ഇല്ലായിരുന്നു.
കുസാറ്റിൽ 80 സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിട്ടും രണ്ടുപേരെയാണ് ചുമതല ഏൽപ്പിച്ചത്. പൊലീസിനെ പരിപാടിയെ കുറിച്ച് അറിയിക്കാനും സംഘാടകർ തയ്യാറായില്ല. ഓഡിറ്റോറിയത്തിന്റെ നിർമാണത്തിലെ അപാകതയും അപകടത്തിന്റെ ആഴം വർധിപ്പിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.
കേസിൽ അന്വേഷണം തുടരുകയാണെന്നും മുൻപ്രിൻസിപ്പാൾ ഉൾപ്പെടെ മൂന്ന് പേരെ പ്രതിചേർത്തതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പട്ട് കെ.എസ്.യു സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.