സ്വർണക്കടത്ത് കേസ്: അർജുൻ ആയങ്കിയെയും ഷെഫീഖിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യും
മുഹമ്മദ് ഷെഫീഖിനെ കൊച്ചി കസ്റ്റംസ് ഓഫീസിലെത്തിച്ചാണ് ചോദ്യംചെയ്യുക.
രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ മുഹമ്മദ് ഷെഫീഖിനെയും അർജുൻ ആയങ്കിയെയും ഇന്ന് ഒരുമിച്ചിരുത്തി ചോദ്യംചെയ്യും. മുഹമ്മദ് ഷെഫീഖിനെ കൊച്ചി കസ്റ്റംസ് ഓഫീസിലെത്തിച്ചാണ് ചോദ്യംചെയ്യുക. മുഹമ്മദ് ഷെഫീഖ് മൊഴി നൽകിയ മൂന്ന് പേരിലേക്കും അന്വേഷണം വ്യാപിക്കും.
കരിപ്പൂരിൽ 2.33 കിലോ സ്വർണവുമായി കഴിഞ്ഞ തിങ്കളാഴ്ച അറസ്റ്റിലായ മുഹമ്മദ് ഷെഫീഖ്, ഇന്നലെ കൊച്ചി കസ്റ്റംസ് അറസ്റ്റ് ചെയ്ത അർജുൻ ആയങ്കി എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് കസ്റ്റംസ് തീരുമാനം. കരിപ്പൂരിലെ സ്വർണക്കടത്ത് കേസുകളിൽ കൂടുതൽ തുമ്പുണ്ടാക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നടപടി. ജലീൽ, സലിം, മുഹമ്മദ്, അർജുൻ എന്നിവരുടെ പേരുകളാണ് ഷെഫീഖിന്റെ മൊഴിയിൽ ഉള്ളത്. ഇവരെ കേന്ദ്രീകരിച്ചും സ്വര്‍ണം പക്കലെത്തിയ ഉറവിടം കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു.
ഷെഫീഖിൽ നിന്നു പിടിച്ചെടുത്ത ഫോണിൽ നിന്നും സ്വര്‍ണക്കടത്ത് സംബന്ധിച്ച് കസ്റ്റംസിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അർജുൻ ഇന്നലെ നൽകിയ മൊഴികളിലും ചില നിർണായക തെളിവുകൾ കസ്റ്റംസിന് ലഭിച്ചു. ഇതാണ് അറസ്റ്റിലേക്ക് വഴിവെച്ചതും. കസ്റ്റംസ് ഇന്ന് അർജുനെ കോടതിയിൽ ഹാജരാക്കി കസ്റ്റഡി അപേക്ഷ നൽകും. സ്വർണക്കടത്തിന് അർജുൻ ഉപയോഗിച്ച കാർ കഴിഞ്ഞ ദിവസം തളിപ്പറമ്പ് കുളപ്പുറത്ത് കുന്നിൻമുകളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അഞ്ചരക്കണ്ടി കൊയ്യോട് സ്വദേശിയും സിപിഎം ബ്രാഞ്ച് അംഗവുമായിരുന്ന സജേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. ഇയാളെയും കസ്റ്റംസ് ചോദ്യംചെയ്യുമെന്നാണ് സൂചന.
ആയങ്കിയെ അറസ്റ്റ് ചെയ്തത് ഒൻപത് മണിക്കൂറിലേറെ ചോദ്യംചെയ്ത ശേഷം
ഒൻപത് മണിക്കൂറിലേറെ നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അർജുൻ ആയങ്കിയുടെ അറസ്റ്റ് ഇന്നലെ കൊച്ചി കസ്റ്റംസ് രേഖപ്പെടുത്തിയത്. ചോദ്യംചെയ്യലിൽ അർജുൻ ആയങ്കി നൽകിയ മൊഴികളിൽ വൈരുധ്യം ഉള്ളതായി കസ്റ്റംസ് കണ്ടെത്തി. കരിപ്പൂർ വിമാനത്താവളത്തില്‍ ദുബൈയില്‍ നിന്ന് 2.33 കിലൊ സ്വർണവുമായി എത്തിയ മുഹമ്മദ് ഷെഫീഖിനെ കഴിഞ്ഞ തിങ്കളാഴ്ചയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇവിടെ എത്തിച്ചേർന്ന അർജുൻ ആയങ്കിയുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിരുന്നു . അർജുൻ ആയങ്കിയും ഷെഫീഖും തമ്മിൽ നടത്തിയ ഫോൺ സംഭാഷണങ്ങളും മെസ്സേജുകളും കസ്റ്റംസിന് ലഭിച്ചു.
ഷെഫീഖുമായി പണമിടപാട് മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് അർജുൻ ആയങ്കി കസ്റ്റംസിന് മൊഴി നൽകിയത്. എന്നാൽ സ്വർണക്കടത്തിന് വേണ്ട നിർദേശങ്ങൾ നൽകിയത് അർജുൻ ആണെന്ന് ഷെഫീഖ് മൊഴി നൽകിയിരുന്നു. മൊഴികളിലെ വൈരുധ്യം കസ്റ്റംസിന് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. കസ്റ്റംസ് മുഹമ്മദ് ഷെഫീഖിനെ ജൂലൈ അഞ്ചാം തിയ്യതി വരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. കരിപ്പൂർ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് കേസുകളിൽ അർജുൻ അയങ്കിക്കും ഷെഫീഖിനുമുള്ള ബന്ധം സംബന്ധിച്ചും അന്വേഷണം ആരംഭിച്ചു.