ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് സർക്കാർ; എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായുള്ള ദയാബായിയുടെ സമരം വിജയത്തിലേക്ക്
ദയാബായി ഉന്നയിച്ച 90 ശതമാനം പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുന്നതാണെന്ന് മന്ത്രിമാരായ വീണാ ജോര്‍ജും ആര്‍ ബിന്ദുവും
എൻഡോസൾഫാൻ ഇരകൾക്ക് നീതി തേടി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് ദയാബായി അറിയിച്ചെന്ന് മന്ത്രിമാർ. ദയാബായി ഉന്നയിച്ച 90 ശതമാനം പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുന്നതാണെന്ന് മന്ത്രിമാരായ വീണാ ജോര്‍ജും ആര്‍ ബിന്ദുവും അറിയിച്ചു.
കാസർകോട്ടെ ആശുപത്രികളിൽ ചികിത്സാ സൗകര്യം മെച്ചപ്പെടുത്തും. മെഡിക്കൽ ക്യാമ്പുകൾ, ഡേ കെയർ സെന്ററുകൾ എന്നിവ ഉടൻ നടപ്പിലാക്കുമെന്നും സമര സമിതിയുമായുള്ള ചർച്ചക്ക് ശേഷം മന്ത്രിമാര്‍ പറഞ്ഞു.
എൻഡോസൾഫാൻ ദുരിത ബാധിതർക്കായി പഞ്ചായത്തുകൾ തോറും ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, മെഡിക്കൽ കോളജ് പൂർണ സജ്ജമാക്കുക, എയിംസ് പരിഗണനാപ്പട്ടികയിലേക്ക് കാസർകോടിനേയും ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് ദയാബായി അനിശ്ചിതകാല സമരം തുടങ്ങിയത്. ആരോഗ്യം മോശമായതിനെ തുടർന്ന് രണ്ടു തവണ പൊലീസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. ദയാബായി വീണ്ടും സമര വേദിയിലേക്ക് തിരിച്ചെത്തുകയായിരുന്നു.