ഡി.സി.സി അധ്യക്ഷ പട്ടികയായി; എ ഗ്രൂപ്പിന് ആറും ഐ ഗ്രൂപ്പിന് എട്ടും അധ്യക്ഷന്മാർ, പ്രഖ്യാപനം ഉടന്‍

സാമുദായിക സമവാക്യകൾ കൂടി പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്.

Update: 2021-08-27 12:49 GMT
Advertising

കേരളത്തിലെ ഡി.സി.സി അധ്യക്ഷൻമാരുടെ പട്ടിക ഹൈക്കമാന്‍റ് ഉടൻ പ്രഖ്യാപിച്ചേക്കും. സോണിയ ഗാന്ധിക്ക് പട്ടിക കൈമാറി. നിലവിലെ പട്ടിക അനുസരിച്ച് എ ഗ്രൂപ്പിന് ആറും ഐ ഗ്രൂപ്പിന് എട്ടും ഡി.സി.സി അധ്യക്ഷൻമാരുണ്ടാകും. സാമുദായിക സമവാക്യകൾ കൂടി പരിഗണിച്ചാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഗ്രൂപ്പ് സമവാക്യങ്ങളുടെ പ്രസക്തി കേരളത്തിൽ കുറയുന്നുവെന്നും പട്ടികയിലൂടെ വായിക്കാം. 

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, വയനാട്, കാസർക്കോട് ജില്ലകളിൽ അപ്രതീക്ഷിത മാറ്റങ്ങൾ വരുത്തികൊണ്ടാണ് കേരളത്തിലെ ഡി.സി.സി അധ്യക്ഷൻമാരുടെ പട്ടിക ഹൈക്കമാന്‍റിന് മുൻപിൽ എത്തിയിരിക്കുന്നത്. കാലങ്ങളായി ഐ ഗ്രൂപ്പ് ഭരിച്ചിരുന്ന തിരുവനന്തപുരം എ ഗ്രൂപ്പിലേക്ക് പോവുകയാണ്. ഇവിടെ ഉമ്മൻ ചാണ്ടിയുടെ നോമിനായി പാലോട് രവി ഡി.സി.സി അധ്യക്ഷനാവും.

കൊല്ലത്ത് കൊടിക്കുന്നിൽ സുരേഷിന്റെ താല്പര്യം സംരക്ഷിച്ചുകൊണ്ട് രാജേന്ദ്രപ്രസാദിനെ അധ്യക്ഷനാക്കും. പത്തനംതിട്ടയിൽ പി.ജെ കുര്യന്റെ നോമിനിയായി സതീഷ് കൊച്ചു പറമ്പിലും കോട്ടയത്ത് ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് ഫിൽസൺ മാത്യൂസും ഡി.സി.സി പ്രസിഡന്റുമാരാവും. ആലപ്പുഴയിൽ രമേശ് ചെന്നിത്തലയുടെ നോമിനിയായ ബാബു പ്രസാദിന് പ്രാദേശിക എതിർപ്പുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.സി വേണുഗോപാലിന്റെ വിശ്വസ്തനായ കെ.പി ശ്രീകുമാറിനെ ഡി.സി.സി അധ്യക്ഷനാക്കുന്നത്.

എറണാകുളത്ത് മുഹമ്മ് ഷിയാസും ഇടുക്കിയിൽ എസ്. അശോകനും ജില്ലാ അധ്യക്ഷൻമാരാവും. അശോകനെ പരിഗണിച്ചത് രമേശ് ചെന്നിത്തലയ്ക്കും നേട്ടമായി. തൃശൂരിൽ വനിത പ്രാതിനിധ്യം ഉണ്ടാകുമെന്ന് പ്രതീക്ഷച്ചെങ്കിലും ഐ ഗ്രൂപ്പിന്റെ ജോസ് വെള്ളൂർ സ്ഥാനം ഉറപ്പിച്ചു.

കോഴിക്കോട് ഐ ഗ്രൂപ്പിന് നേട്ടമായി കൊണ്ട് പ്രവീൺ കുമാർ ജില്ലാ പ്രസിഡന്റാകും. മലപ്പുറത്ത് ആര്യാടൻ ഷൗക്കത്തിന്റെ പേര് ഉയർന്നെങ്കിലും അവസാന നിമിഷം വി.എസ് ജോയിയുടെ പേരിലേക്കാണ് നേതൃത്വമെത്തിയത്. പാലക്കാട് എ. തങ്കപ്പനും കണ്ണൂരില്‍ മാർട്ടിൻ ജോർജുമാണ് അവസാന പട്ടികയിലുള്ളത്. വയനാട് രാഹുൽ ഗാന്ധിയുടെ താലപര്യത്തോടെയാണ് എൻ.ഡി അപ്പച്ചൻ ഡി.സി.സി അധ്യക്ഷനാവുക. കാസർകോട് സമവാക്യങ്ങൾ പരിഗണിച്ചത് പി.കെ ഫൈസലിനും അനുകൂലമായി. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News