തൃശൂര്‍ പെരിഞ്ഞനത്തെ ഭക്ഷ്യവിഷബാധ; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
പൊന്മാനിക്കുടം സ്വദേശി ഉസൈബ ആണ് മരിച്ചത്
തൃശൂർ: പെരിഞ്ഞനത്ത് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പൊന്മാനിക്കുടം സ്വദേശി ഉസൈബ ( 56)ആണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. പെരിഞ്ഞനത്തെ സ്വകാര്യ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെ നൂറിലധികം പേരാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സ തേടിയത്.
ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ഇതുവരെ ചികിത്സ തേടിയവരുടെ എണ്ണം 178 ആയി. സംഭവത്തിൽ ആരോഗ്യ വകുപ്പ് വിശദമായ തെളിവെടുപ്പ് നടത്തിയിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നെത്തിയ സംഘമാണ് ഹോട്ടലിൽ എത്തി തെളിവുകൾ ശേഖരിച്ചത്.
ശനിയാഴ്ച രാത്രി പെരിഞ്ഞനത്ത് പ്രവര്‍ത്തിക്കുന്ന സെയിന്‍ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷണം കഴിച്ച് അര്‍ധരാത്രിയോടെ പനിയും വയറിളക്കവും ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥത പ്രകടിപ്പിച്ചവരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പും, ഫുഡ് ആൻഡ് സേഫ്റ്റിയും പരിശോധന നടത്തി ഹോട്ടൽ അടച്ചു പൂട്ടി.
ഫുഡ് ആൻഡ് സേഫ്റ്റി അധികൃതർ ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് കിട്ടിയ ശേഷമേ ഭക്ഷ്യവിഷബാധക്ക് കാരണമായതെന്തെന്ന് വ്യക്തമാകൂ. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
ഇത് സംബന്ധിച്ച് കയ്പമംഗലം പൊലീസിലും, പെരിഞ്ഞനം പഞ്ചായത്തിലും റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും കണ്ട് വിവരങ്ങളും അന്വേഷിച്ചറിഞ്ഞു. ഹോട്ടലധികൃതർക്കെതിരെ നിയമ നടപടി ഉൾപ്പെടെ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.