വ്‌ളോഗർ റിഫയുടെ മരണം: ഭർത്താവ് മെഹ്‌നാസിനെ ഉടൻ ചോദ്യം ചെയ്യും
അന്വേഷണം ദുബൈയിലേക്ക് വ്യാപിപ്പിക്കാന്‍ പൊലീസ്
കോഴിക്കോട്: ദുബൈയിൽ മരിച്ച മലയാളി വ്‌ളോഗർ റിഫയുടെ ഭർത്താവ് മെഹ്‌നാസിനെ ഉടൻ ചോദ്യം ചെയ്യും. അന്വേഷണം ദുബായിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. ദുബൈയില്‍ വെച്ചാണ് റിഫയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. റിഫയുടെ മരണത്തിൽ ഭർത്താവ് മെഹ്നാസിന് പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിരുന്നെങ്കിലും മെഹ്നാസിനെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല.
പോസ്റ്റ്‌മോർട്ടത്തിൽ റിഫയുടെ കഴുത്തിൽ ആഴത്തിലുള്ള അടയാളം കണ്ടത് കൊലപാതക സാധ്യതയായിട്ടാണ് അന്വേഷണ സംഘം കരുതുന്നത്. പോസ്റ്റ്‌മോർട്ട റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് അന്വേഷണം വേഗത്തിലാക്കാനാണ്നീക്കം. മെഹ്നാസ് നാട്ടിൽ ഉണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. അതേസമയം, മെഹ്നാസ് ദുബൈയിലാണുള്ളതെന്ന സംശയത്തിലാണ് റിഫയുടെ കുടുംബം.
മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും സംശയിക്കുന്ന തെളിവുകളുണ്ടെന്ന് ആരോപിച്ചാണ് റിഫയുടെ കുടുംബം പരാതി നൽകിയിരുന്നത്. ആ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം. ഇന്നലെ പോസ്റ്റ്‌മോർട്ടത്തിനായി പുറത്തെടുത്ത റിഫയുടെ അന്തരികാവയവങ്ങളുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് രണ്ട് ദിവസത്തിനകം ഫോറൻസിക് വിഭാഗത്തിന് കൈമാറും. റിഫയുടെ കഴുത്തിൽ കണ്ടെത്തിയ അടയാളം കേസന്വേഷണത്തിൽ വഴിത്തിരിവാണ്.
അന്വേഷണ സംഘത്തിന്റെ സംശയങ്ങൾ ബലപ്പെടുത്തുന്നതാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ ആത്മഹത്യയാണോ കൊലപാതകമാണോ നടന്നതെന്ന് കണ്ടെത്താനാകൂ.