മുണ്ടക്കൈ ദുരന്തത്തിൽ മരണം 176 ആയി; താൽക്കാലിക പാലം നിർമാണം പുരോ​ഗമിക്കുന്നു

ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് കടക്കാനുള്ള ബെയിലി പാലത്തിന്റെ നിർമാണമാണ് പുരോഗമിക്കുന്നത്.

Update: 2024-07-31 09:28 GMT
Advertising

കൽപ്പറ്റ: വയനാട് മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ മരണം 176 ആയി. 94 മൃതദേഹം തിരിച്ചറിഞ്ഞു. ദുരന്തമുഖത്ത് രക്ഷാദൗത്യം ശക്തമാക്കിയിരിക്കുകയാണ്. വീടുകൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവരിലേക്ക് അതിവേഗമെത്താനാണ് ശ്രമം. 63 മൃതദേഹം വിട്ടുനൽകി.

നാല് സംഘങ്ങളായി തിരിഞ്ഞ് 150 രക്ഷാപ്രവർത്തകരാണ് ഇന്ന് മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം തുടങ്ങിയത്. എന്നാൽ ജെ.സി.ബി. ഉൾപ്പെടെയുള്ള യന്ത്രങ്ങൾ എത്തിക്കാൻ സാധിക്കാത്തതിനാൽ വിശദമായ പരിശോധന ദുഷ്‌കരമാണ്. ഡോഗ് സ്‌ക്വാഡിനെ ഉൾപ്പെടെ പ്രയോജനപ്പെടുത്തിയാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിലെ തിരച്ചിൽ.

അതേസമയം, സൈന്യം നിർമിക്കുന്ന താൽക്കാലിക പാലം പൂർത്തിയാകുന്നതോടെ രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമമാകും. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈയിലേക്ക് കടക്കാനുള്ള ബെയിലി പാലത്തിന്റെ നിർമാണമാണ് പുരോഗമിക്കുന്നത്. നാവികസേനയുടെ നേതൃത്വത്തിലാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്. നിർമാണം വൈകുന്നേരത്തോടെ പൂർത്തിയാകും.

അപകടത്തിൽപെട്ടവർക്കായി നിലമ്പൂർ വനമേഖലയിലും തിരച്ചിൽ തുടരുകയാണ്. പോത്തുകൽ, മുണ്ടേരി ഭാഗങ്ങളിലാണ് തിരച്ചിൽ നടക്കുന്നത്. അട്ടമലയിൽ കുടുങ്ങിയ കൂടുതൽ പേരെ സൈന്യം ഇക്കരയെത്തിച്ചു.

മുണ്ടക്കൈ ദുരന്തത്തിലകപ്പെട്ട 14 ദിവസം പ്രായമുള്ള കുഞ്ഞടക്കം 225 പേരെ കാണാനില്ലെന്ന് സർക്കാർ അറിയിച്ചു. റവന്യുവകുപ്പ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് കാണാതായാവരുടെ പേരും വയസുമടക്കമുള്ളത്. 227 പേരാണ് ലിസ്റ്റിലുള്ളത്. അവരിൽ രണ്ടു പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.

തകർന്നടിഞ്ഞുപോയ പ്രദേശത്ത് രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്. ഉരുൾപൊട്ടലിൽ വൻതോതിൽ മണ്ണ് വന്ന് അടിഞ്ഞതിനാൽ ചവിട്ടുമ്പോൾ കാൽ പൂഴ്ന്നുപോവുന്ന അവസ്ഥയാണ്. ഹെലികോപ്റ്റർ ഉപയോഗിച്ച് ആളുകളെ എയർ ലിഫ്റ്റ് ചെയ്യാനും തുടങ്ങിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവർക്ക് ഹെലികോപ്റ്ററിൽ ഭക്ഷണം എത്തിച്ചുനൽകുന്നുമുണ്ട്.

ഭീകരമായ കാഴ്ചകളാണ് മുണ്ടക്കൈയിലെ ദുരന്ത ഭൂമിയിൽനിന്ന് പുറത്തുവരുന്നത്. നൂറുകണക്കിന് വീടുകളും റോഡും സ്‌കൂളും എല്ലാമുണ്ടായിരുന്നു പ്രദേശത്ത് ഇപ്പോൾ മണ്ണും വെള്ളമൊലിച്ചുപോവുന്ന ചാലുകളും മാത്രമാണ് കാണുന്നത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News