നിയമസഭയിൽ ഇന്ന് നന്ദിപ്രമേയ ചർച്ച; വിവാദ വിഷയങ്ങളിൽ അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം
ക്ഷേമപെൻഷൻ കുടിശ്ശിക മുതൽ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ ആർ.ഒ.സി റിപ്പോർട്ട് വരെ അടിയന്തര പ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം.
തിരുവനന്തപുരം: ഗവർണർ-സർക്കാർ അനുരഞ്ജനം അസാധ്യമായിരിക്കെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും. സർക്കാരിന്റെ നയം പറയാൻ മടിച്ച ഗവർണർക്കെതിരെ കടുത്ത വിമർശനങ്ങളുയർത്താൻ തന്നെയാണ് ഭരണപക്ഷ നീക്കം. ക്ഷേമപെൻഷൻ കുടിശ്ശിക മുതൽ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരായ ആർ.ഒ.സി റിപ്പോർട്ട് വരെ അടിയന്തര പ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം.
രണ്ടു മണിക്കൂറോളം നീണ്ടുനിൽക്കേണ്ട നയപ്രഖ്യാപന പ്രസംഗം ഒരു മിനുട്ടും 17 സെക്കൻഡിലും ഒതുക്കിയ ഗവർണറുടെ നടപടി ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ നിയമസഭയിൽ അമ്പരപ്പ് സൃഷ്ടിച്ചിരുന്നു. ആദ്യം കടുപ്പിക്കേണ്ട എന്ന് കരുതിയെങ്കിലും റിപ്പബ്ലിക് ദിനത്തിലും ഗവർണർ മുഖ്യമന്ത്രിയെ അവഗണിച്ചതോടെ സി.പി.എമ്മിന്റെ നിലപാട് മാറി. മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും ഗവർണറെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഇതിന് പിന്നാലെയാണ് നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ച ഇന്ന് ആരംഭിക്കുന്നത്.
സർക്കാരിന്റെ നയം പറയാത്ത ഗവർണറോട് ഭരണപക്ഷം എങ്ങനെ നന്ദി പറയും എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. ഗവർണറെ തള്ളി പ്രസംഗത്തിലെ സർക്കാർ നേട്ടങ്ങൾ ഭരണപക്ഷം ഊന്നിപ്പറയാനാണ് സാധ്യത. പ്രതിപക്ഷം ഗവർണറേയും സർക്കാറിനെയും ഒരുപോലെ നേരിടും. സർക്കാർ ഗവർണർ പോര് ഒത്തുകളിയെന്ന ആരോപണവും ഉയർത്തും. വിവാദ വിഷയങ്ങൾ ഒന്നിന് പിറകെ ഒന്നായി അടിയന്തര പ്രമേയങ്ങളായി പ്രതിപക്ഷം കൊണ്ടുവരും. ക്ഷേമ പെൻഷൻ കുടിശ്ശിക, എക്‌സാലോജികിനെതിരായ റിപ്പോർട്ടുകളിൽ അന്വേഷണം, സാമ്പത്തിക പ്രതിസന്ധി, കെ.എസ്.ആർ.ടി.സി പ്രശ്‌നം, സപ്ലൈകോയിലെ അനിശ്ചിതത്വം എന്നിവയെല്ലാമാണ് പ്രതിപക്ഷത്തിന്റെ ആയുധങ്ങൾ. കേന്ദ്രത്തിനെതിരായ സമരത്തിൽ നിന്ന് വിട്ടുനിന്ന പ്രതിപക്ഷത്തിന്റെ നിലപാട്, യൂത്ത് കോൺഗ്രസിന്റെ വ്യാജ ഐ.ഡി കാർഡ് വിഷയവും ഭരണപക്ഷം പരിചയായി ഉപയോഗിക്കും.