'ഹരിതയിലെ നടപടികൾ കൂടിയാലോചിച്ച് എടുത്ത തീരുമാനം, ലീഗിൽ അപശബ്ദങ്ങളില്ല': പി.കെ കുഞ്ഞാലിക്കുട്ടി
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനെ സംബന്ധിച്ച് വ്യത്യസ്ത ശബ്ദങ്ങളൊന്നും ഇല്ല. ഒരൊറ്റ ശബ്ദമേയുള്ളൂ. ഞങ്ങളെല്ലാവരും കൂടി ചര്‍ച്ച ചെയ്ത് കൂട്ടായാണ് തീരുമാനമെടുക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി
ഹരിത നേതാക്കൾക്കെതിരായ നടപടി പിൻവലിക്കില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. നടപടി കൂട്ടായെടുത്ത തീരുമാനമാണ്. അതിനെ വ്യക്തികളുടെ പേരിൽ ചേർക്കേണ്ടതില്ല. പാണക്കാട് തങ്ങളുടെ തീരുമാനമാണ് ലീഗിന്റെ അവസാനവാക്കെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനെ സംബന്ധിച്ച് വ്യത്യസ്ത ശബ്ദങ്ങളൊന്നും ഇല്ല. ഒരൊറ്റ ശബ്ദമേയുള്ളൂ. ഞങ്ങളെല്ലാവരും കൂടി ചര്‍ച്ച ചെയ്ത് കൂട്ടായാണ് തീരുമാനമെടുക്കുന്നത്. സാദിഖലി ശിഹാബ് തങ്ങള്‍, ഹൈദരലി തങ്ങള്‍ അവരൊക്കെ ഒരുമിച്ചിരുന്നതാണ് തീരുമാനമെടുക്കുന്നത്. തങ്ങള്‍ ഒരിക്കല്‍ ഒരു തീരുമാനമെടുത്താല്‍ പിന്നെ അത് മാറ്റാറില്ല. അതില്‍ ഉറച്ചുനില്‍ക്കലാണ് പതിവ്- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കൂടുതലായി ആ വിഷയത്തെ കുറിച്ച് പറയുന്നില്ല. ഞാന്‍ പറയുന്നതിന്റെ വരികള്‍ക്കിടയിലൂടെ വായിച്ച് വേറെ നിര്‍വചനം ഉണ്ടേക്കേണ്ടതില്ല. മുനീറ് പറയുന്നതും ഞാന്‍ പറയുന്നതും മറ്റുള്ളവര്‍ പറയുന്നതും ഒന്നാണ്. കൂട്ടായി എടുക്കുന്ന തീരുമാനത്തില്‍ ഓരോ നേതാക്കളുടെ പേര് പറഞ്ഞ് ചോദിക്കേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
അതേസമയം ഹരിത പ്രശ്നങ്ങൾ വീണ്ടും ചർച്ച ചെയ്യുമെന്ന് ആവർത്തിച്ച് മുസ്‍ലിംലീഗ് സംസ്ഥാന സെക്രട്ടറി എംകെ മുനീർ രംഗത്ത് എത്തി. ഇക്കാര്യം കുഞ്ഞാലിക്കുട്ടി തന്നെ ഇന്നലെ വ്യക്തമാക്കിയതാണെന്നും എന്നാൽ നേതൃത്വത്തെ കുറിച്ച് മോശം പ്രസ്താവനകൾ വരുന്നത് അംഗീകരിക്കാനാവില്ലെന്നും മുനീർ പറഞ്ഞു.