മോദി മുസ്ലിംകള്ക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം
മന്മോഹന് സിങ്ങിനെ കുറിച്ച് മോദി പറയുന്നത് തെറ്റായ കാര്യമാണെന്നും ദീപികയുടെ മുഖപ്രസംഗത്തിൽ പറയുന്നു
കൊച്ചി: പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപികയുടെ മുഖപ്രസംഗം. മോദി മുസ്ലിംകള്ക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗമാണ്. വർഗീയതയും ഇതരമത വിദ്വേഷവും നെഞ്ചേറ്റിയവർക്ക് മാത്രമേ ആ പ്രസംഗം ആസ്വദിക്കാനാവൂ. മന്മോഹന് സിങ്ങിനെ കുറിച്ച് മോദി പറയുന്നത് തെറ്റായ കാര്യമാണെന്നും ദീപികയുടെ മുഖപ്രസംഗത്തിൽ പറയുന്നു.
ഈ രാജ്യത്തെ ജനങ്ങളെ, പ്രത്യേകിച്ചു ഹൈന്ദവരെ ബി.ജെ.പി സർക്കാർ വിലകുറച്ചു കാണുകയാണെന്നു തോന്നുന്നു. ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം. മുസ്ലിം സമുദായത്തിനെതിരേ രാജസ്ഥാനിൽ പ്രധാനമന്ത്രി നടത്തിയ നിന്ദാപരമായ പ്രസംഗം വർഗീയതയെയും ഇതരമതവിദ്വേഷത്തെയും നെഞ്ചേറ്റിയവരല്ലാതെ മറ്റാരും ആസ്വദിച്ചിട്ടില്ല.
ഭൂരിപക്ഷ വോട്ടിന്റെ ധ്രുവീകരണമായിരിക്കാം അദ്ദേഹം ലക്ഷ്യമിട്ടത്. പക്ഷേ, അത് അവിശ്വസനീയമല്ലെങ്കിലും അത്യന്തം നിർഭാഗ്യകരമായിപ്പോയി. പൗരന്മാർ മാത്രമല്ല, ‘ഇന്ത്യക്കാരായ നാം’ എന്നു തുടങ്ങുന്ന ഭരണഘടനാ ആമുഖം ഭരിക്കുന്നവരും നിരന്തരം വായിക്കേണ്ടതുണ്ട്. വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധമാണെന്നു തിരിച്ചറിയണം.വിദ്വേഷപ്രസംഗങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പരാതി ലഭിച്ചില്ലെങ്കിലും കേസെടുക്കണമെന്ന് മുഴുവൻ സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നിർദേശം നൽകിയത് 2023 ഏപ്രിൽ 29നായിരുന്നു. മോദിയുടെ പ്രസംഗത്തിനെതിരേ രാജസ്ഥാൻ, ഉത്തർപ്രദേശ് സർക്കാരുകൾ കേസെടുക്കുമെന്നോ ഇല്ലെങ്കിൽ കോടതിയലക്ഷ്യത്തിനു കേസുണ്ടാകുമോയെന്നൊന്നും ഇന്നത്തെ സാഹചര്യത്തിൽ പറയാനാവില്ല.
ഹിന്ദുക്കളുടെ വിശിഷ്ട ദിവസങ്ങളായ ശ്രാവണമാസത്തിൽ മട്ടൻകറിയും നവരാത്രിയിൽ മീൻകറിയും കഴിച്ച് അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നവരാണ് പ്രതിപക്ഷ നേതാക്കളെന്നാണ് പ്രധാനമന്ത്രി ജമ്മു-കാഷ്മീരിലെ ഉധംപുരിൽ പറഞ്ഞത്. എന്നിട്ടതിനെ മുഗളന്മാരുമായും മുസ്ലിം മതവുമായും കൂട്ടിക്കെട്ടുകയും ചെയ്തു.
ഒരിടത്തും കേസില്ല. തെരഞ്ഞെടുപ്പു കമ്മീഷൻ ഇടപെട്ടുമില്ല. ന്യൂനപക്ഷ വിരുദ്ധ, വിദ്വേഷ, ഹിംസാത്മക പ്രസംഗങ്ങൾ തടയാൻ ഇനി ആരുണ്ടു ബാക്കി? രാഹുൽ ഗാന്ധിയുടെ പിതൃത്വത്തെ ചോദ്യം ചെയ്യുംവിധം, അദ്ദേഹത്തിന്റെ ഡിഎൻഎ പരിശോധിക്കണമെന്ന് പരിഹസിച്ച നിലന്പൂർ എംഎൽഎ പി.വി. അൻവറിനെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ മോദിയുടെ വിദ്വേഷപ്രസംഗവുമായി താരതമ്യപ്പെടുത്താനാവില്ല. മോദിയുടേത് സമാനതകളില്ലാത്ത സമുദായഹത്യയാണെങ്കിൽ അൻവറിന്റേതും പിണറായിയുടേതും വ്യക്തിഹത്യയാണ്. പക്ഷേ, വിദ്വേഷത്തിന്റെ ഇന്ത്യാ സ്റ്റോറിയെ വിമർശിക്കാനുള്ള ധാർമികത വ്യക്തിഹത്യയുടെ ഒരധ്യായമെഴുതി കേരളം ഇല്ലാതാക്കേണ്ടിയിരുന്നില്ലെന്നും മുഖപ്രസംഗത്തില് പറയുന്നു.